കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്ക് ആവേശമായ് യു ഡി എഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്നലെ കാസർകോട് തുടക്കമായി. കാസർകോട്ട് നിന്ന് ഇന്നലെ തുടങ്ങിയ കേരള യാത്ര തിരുവനന്തപുരത്താണ് അവസാനിക്കുക. ഈ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും സർക്കാരിനെതിരായുളള കൊടുങ്കാറ്റായി മാറുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കുമ്പളയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകളുടെ പ്രഭവകേന്ദ്രമായിരുന്നെന്നും, മുഖ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തട്ടിപ്പു സംഘങ്ങൾക്ക് ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തെ മോചിപ്പിക്കലാണ് നമ്മുടെ ദൗത്യമെന്നും, പിണറായി സർക്കാരിന് ജനം രണ്ടാമൂഴം നൽകില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കൂടിയാണ് ഈ യാത്രയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. പിണറായി സർക്കാർ ഉന്നയിക്കുന്ന അവകാശവാദങ്ങളൊന്നും യാഥാർഥ്യമായി ഒരു ബദ്ധമില്ലാത്തവയാണെന്നും എൽഡിഎഫിന്റെ ഭരണം വെറുപ്പിന്റെയും അക്രമ രാഷ്ട്രീയത്തിന്റേതുമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വനിതകളെ വേഷം മാറ്റി പോലീസ് സംരക്ഷണത്തോടു കൂടി സന്നിധാനത്തെത്തിച്ച സർക്കാരാണിതെന്നും, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ നിയമ നിർമ്മാണം നടത്തുമെന്നും പറഞ്ഞ ചെന്നിത്തല, പിണറായി വിജയൻ എന്ന ഏകാധിപതിയുടെ ഭരണം ഇനി താങ്ങാനാവില്ലെന്നും മതേതരത്വം നിലനിർത്താനുള്ള ജന പോരാട്ടത്തിൽ ജനങ്ങൾ കൂടെ നിൽക്കുമെന്നും കൂട്ടി ചേർത്തു.