മലയാളി നായികമാരില്‍ ഒരാള്‍ കൂടി സംവിധാനരംഗത്തേക്ക്. സമൂഹത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പ്രമേയമാക്കി രമ്യാ നമ്പീശന് ഒരുക്കിയ ഹ്രസ്വചിത്രം ‘അണ്‍ഹൈഡ്’ മഞ്ജുവാര്യര്‍, വിജയ് സേതുപതി, സംവിധായകന് കാര്‍ത്തിക് സുബ്ബരാജ് എന്നിവരാണ് സമൂഹമാധ്യമത്തിലൂടെ പുറത്തിറക്കിയത്. സമകാലീന സമൂഹത്തില്‍ ജീവിക്കുമ്പോള്‍ വിവിധ മേഖലകളില്‍ നേരിടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളെക്കുറിച്ചാണ് രമ്യ ചിത്രത്തിലൂടെ പറയുന്നത്. ഈ ലോകം എല്ലാവര്‍ക്കുമുള്ളതാണ്. നമുക്ക് ഒത്തൊരുമിച്ച് ഇതിനെ മനോഹരമാക്കാം. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ…. എന്ന സന്ദേശത്തോട് കൂടിയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്. ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നതും രമ്യ തന്നെയാണ്. രമ്യയുടെ സഹോദരനായ രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഇതിനോടകം നിരവധിയാളുകള്‍ ചിത്രം കണ്ടുകഴിഞ്ഞു. സ്ത്രീകള്‍ക്ക് മാത്രമല്ല സമൂഹത്തിന് ആകമാനം പുതിയ കാഴ്ചപ്പാടിന്റെ സന്ദേശം നല്‍കുന്നതാണ് ചിത്രം.