ജമ്മു : രാജ്യസഭാംഗത്വ കാലാവധി കഴിഞ്ഞ ശേഷം ജമ്മുവിൽ തിരിച്ചെത്തിയ ഗുലാം നബിക്ക് നൽകിയ സ്വീകരണം കോൺഗ്രസ്സ് വിമതരുടെ ശക്തിപ്രകടനമായി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു ഗുലാം നബി ആസാദ് .തങ്ങൾ ജനാല വഴി എത്തിയവരല്ല എന്ന് കോൺഗ്രസ്സ് നേതാവ് ആനന്ദ് ശർമ്മ കോൺഗ്രസ്സ് നേതൃത്വത്തെ ഓർമിപ്പിച്ചു .പ്രമുഖ കോൺഗ്രസ്സ് നേതാവ് ഗുലാം നബി ആസാദിന് വീണ്ടും ഒരവസരം രാജ്യസഭയിലേക്ക് നൽകാത്തത് ഭൂരിപക്ഷം കോൺഗ്രസ്സ് നേതാക്കളെയും വേദനിപ്പിച്ചിരിക്കയാണ് .
ഗുലാം നബി അസദിന് രാജ്യസഭാ അംഗത്വം നൽകാത്തതിന്റെ പേരിൽ കോൺഗ്രസ്സ് നേതൃത്വത്തെ കപിൽ സിബിൽ വിമർശിച്ചു . കോൺഗ്രസ്സ് ദുർബലപ്പെട്ടിരിക്കുന്നു അതിനെ ശക്തിപ്പെടുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണ് എന്നാണ് കോൺഗ്രസ്സ് വിമതർ പറയുന്നത് .ഇങ്ങനെ പ്രസ്ഥാനത്തിന് മുൻപോട്ടു പോകാനാകില്ല എന്നവർ പറയുന്നു .കപിൽ സിബിൽ ,ആനന്ദ് ശർമ്മ,ഗുലാം നബി ആസാദ് ,മനീഷ് തിവാരി ,വിവേക് തൻഖ, ഭൂപീന്ദർ സിങ് ഹൂഡ ,രാജ്ബാബ്ബാർ എന്നീ നേതാക്കളാണ് വിമതവേദിയിൽ ഒത്തുചേർന്നത് .എല്ലാവരും ഉത്തരേന്ത്യൻ നേതാക്കളാണ് എന്നതും ശ്രദ്ധേയം .
അടുത്ത് തന്നെ ബംഗാൾ, തമിഴ്നാട്, കേരളം, പുതുച്ചേരി,ആസ്സാം എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിക്കുള്ളിൽ ഉയരുന്ന തിരുത്തൽ നീക്കം കോൺഗ്രസ്സ് നേതൃത്വത്തെ സംബന്ധിച്ച് അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണ് . ആരോഗ്യപ്രശ്നങ്ങൾ കൊണ്ടുള്ള അവശത ഉണ്ടെങ്കിലും സോണിയഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറല്ല .
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോൺഗ്രസ്സ് വിമതർ പ്രസ്ഥാനത്തിന് ഒരു മുഴുവൻ സമയ അധ്യക്ഷൻ വേണം എന്ന ആവശ്യം ഉയർത്തിയിരുന്നു .ഉത്തരേന്ത്യയിലെയും ദക്ഷണേന്ത്യയിലെയും വോട്ടർമാരെ താരതമ്യം ചെയ്ത് രാഹുൽ നടത്തിയ വിവാദപരാമർശത്തെയും വിമതനേതാക്കൾ നേരത്തെ വിമർശിച്ചിരുന്നു . വിമർശനമുയർത്തിയിട്ടും യാതൊരു തരത്തിലുള്ള തിരുത്തലുകൾ പാർട്ടിയിൽ നടത്താത്തതും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമം ഒന്നും ആരംഭിക്കാത്തതുമാണ് വിമത നേതാക്കളെ ഇപ്പോൾ പ്രകോപിച്ചിരിക്കുന്നത്. ഗുലാം നബിയോടുള്ള അവഗണന വിമത നീക്കങ്ങൾക്കു ആക്കം കൂട്ടി എന്ന് മാത്രം .