കൊവിഡ് തുടങ്ങിയിട്ട് മാസം ഒൻപതായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികളെ ചികിത്സിക്കാനുള്ള ആളും സൗകര്യങ്ങളും ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ആരോഗ്യ വകുപ്പിന് പത്ത് തവണ കത്തുകൾ എഴുതി. ഏറ്റവും ഒടുവിലത്തെ കത്ത് പത്ത് ദിവസം മുമ്പ് എഴുതി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സർക്കാർ ധർമ്മാശുപത്രിയിൽ പാവപ്പെട്ട രോഗിയെ പുഴുവരിക്കുമ്പോൾ ശിക്ഷ കിട്ടുന്നത് ആത്മാർത്ഥമായി പണിയെടുക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എഴുനൂറിലധികം കൊവിഡ് രോഗികകൾ ചികിത്സയിലുണ്ട്. മറ്റു രോഗങ്ങൾക്കായി വേറേ എണ്ണൂറ്റിയൻപത് പേർ ചികിത്സയിലുണ്ട്. ആയിരത്തഞ്ഞൂറിലധികം കിടപ്പു രോഗിളെ കൊവിസ് പ്രോട്ടോക്കോൾ പാലിച്ച് ചികിത്സിക്കണമെങ്കിൽ അധികമായി ഇനിയും ഒരുപാട് ജീവനക്കാർ വേണം. കൂട്ടിരിപ്പുകാരെ പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്നതിനാൽ രോഗികളെ സഹായിക്കാൻ അവിടെയും അധികം സ്റ്റാഫിന്റെ ആവശ്യമുണ്ട്. എന്നാൽ ആരോഗ്യ വകുപ്പ് നടപടി എടുത്തിട്ടില്ല. ഭരണത്തിന്റെ മൂക്കിന് താഴെയുള്ള മെഡിക്കൽ കോളേജിന്റെ അവസ്ഥ ഇതാണ്. ഈ പശ്ചാത്തലത്തിലാണ് മഞ്ചേരി മെഡിക്കൽ കോളേജിലൊക്കെ ഉണ്ടായ സംഭവങ്ങൾ നമ്മൾ കാണേണ്ടത്.

കൊവിഡ് നോഡൽ ഓഫീസറാണ് ഡോ: അരുണ. വീട്ടിൽ പോലും പോകാതെ കൊവിഡ് രോഗികൾക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഡോക്ടർ അരുണയെപ്പറ്റി എല്ലാവർക്കും നല്ലതേ പറയാനുള്ളൂ. ശിക്ഷിക്കപ്പെട്ട നഴ്സുമാരും കഠിനാദ്ധ്വാനികളാണെന്ന് അറിയുന്നു.

അല്ലെങ്കിലേ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സർക്കാരാശുപത്രിയിൽ ഉള്ള നല്ല ഡോക്ടർമാരെയും നഴ്സുമാരെയും സസ്പെന്റ് ചെയ്യുന്നത് വിഡ്ഢിത്തമാണ്. സസ്പെൻഷൻ ഉത്തരവിറങ്ങിയത് ആരോഗ്യമന്ത്രി അറിയാതെയാണെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ പറയുന്നു. അതിനിടെ ഇന്ന് പ്രതിഷേധിച്ച എഴുപത് ഡോക്ടർമാർക്കെതിരെ കേസെടുത്തെന്നും കേൾക്കുന്നു. തീയണയ്ക്കാൻ വേണ്ടി എണ്ണയൊഴിക്കുന്ന എർപ്പാടാണിത്.

ആരോഗ്യവകുപ്പ് ആരാണ് ഭരിക്കുന്നതെന്നറിയാൻ ആഗ്രഹമുണ്ട്. ആരോഗ്യമന്ത്രിയെ പിന്നിലാക്കിയത് കൂടാതെ സംസ്ഥാനത്തെ ആരോഗ്യവകുപ്പിലെ ഡയറക്ടർ ഉൾപ്പെടെയുള്ളവരുടെ സാങ്കേതിക ടീമിന്റെ ശാസ്ത്രീയ ഉപദേശങ്ങൾ സർക്കാർ ചെവിക്കൊള്ളുന്നില്ല. സർക്കാർ ഉണ്ടാക്കിയ കൊവിഡ് സാങ്കേതിക സമിതിയ്ക്കകത്ത് തന്നെ ആശയക്കുഴപ്പമാണ്. കൂടാതെ ഇവരെയെല്ലാം അവഗണിച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥർ തീരുമാനങ്ങളെടുക്കുന്നു എന്നാണ് അറിയുന്നത്.

പുതിയ രോഗമായതിനാൽ ലോകത്ത് എല്ലാ നാട്ടിലും കൊവിഡ് ചികിത്സയിലും നിയന്ത്രണത്തിലും പിഴവുകൾ സംഭവിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളും തെറ്റുകൾ തിരുത്തുന്നുണ്ട്. എന്നാൽ ഇവിടെ എല്ലാം ശരിയാണെന്ന നിലപാടാണ് തുടക്കം മുതലേയുള്ളത്. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ ശത്രുക്കളായി മുദ്രകുത്തുകയും ചെയ്യുന്നു. ഈ അസഹിഷ്ണുതയാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്. തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ പരസ്യമായി വാക്കാൽ ആക്രമിക്കുന്ന നടപടി മന്ത്രിമാർ തന്നെ നേരിട്ട് നടത്തുകയാണ്. ഇപ്പോൾ ഇടത് അനുകൂല സംഘടനകളും നേതാക്കളുമുൾപ്പെടെ ആരോഗ്യ വകുപ്പിന്റെ തെറ്റുകളെ ചൂണ്ടിക്കാണിച്ച് പരസ്യമായി പുറത്തു വന്നത് സ്വാഗതാർഹമാണ്.

പുഴുവരിക്കുന്നത് ആരോഗ്യവകുപ്പിനെയാണ്. അടിയന്തിര ചികിത്സ വേണം.