തട്ടിപ്പിന് ഇരയായ നടി ഷംന കാസിമിന് പിന്തുണയുമായി അമ്മസംഘടന രംഗത്തെത്തിയിരിക്കുകയാണ്. ആവശ്യമെങ്കില്‍ നിയമനടപടികള്‍ക്ക് സഹായം നല്‍കുമെന്നാണ് നേതൃത്വം അറിയിച്ചിട്ടുള്ളത്. ഷംനയില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശ്യത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. മാന്യത നടിച്ചാണ് തട്ടിപ്പുകാര്‍ ഇടപെട്ടതെന്നും, കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചിരുന്നില്ലായെന്നും ഷംന പറയുന്നു. എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി. ദുബായില്‍ സ്വര്‍ണ്ണക്കടയുണ്ടെന്ന് പ്രതികള്‍ പറഞ്ഞു. വീഡിയോ കോള്‍ വിളിക്കാന്‍ താന്‍ ആവശ്യപ്പെട്ടതോടെ പ്രതി ഫോണ്‍ സ്വിച്ച്ഓഫ് ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയതെന്നും ഷംന പറഞ്ഞു. സംഘത്തില്‍ സ്ത്രീകളും ഉണ്ടെന്ന് നടി പറയുന്നു. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരട് പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ തട്ടിപ്പുവിവരം ഷംന വെളിപ്പെടുത്തിയതിനു പിന്നാലെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത് വന്നിരുന്നു. മറ്റൊരു നടിയെയും മോഡലിനെയും ഇതേ പ്രതികള്‍ ബ്ലാക്‌മെയിലിംഗ് ചെയ്തതായാണ് വിവരം. ഇവരില്‍ നിന്ന് പ്രതികള്‍ പണവും സ്വര്‍ണ്ണവും തട്ടിയെടുത്തു. ഇരുവരും പോലീസിനെ സമീപിച്ചിട്ടുണ്ട്.