തിരുവനന്തപുരം : തിരുവനന്തപുരത്തെ മനോഹരമായ മത്സൃ ബന്ധന ഗ്രാമമായ പൂന്തുറയും സമീപ പ്രദേശങ്ങളും കോവിഡ് 19 രോഗവിവാദത്തിന്റെ കേന്ദ്രസ്ഥാനമായി ചിത്രീകരിക്കപ്പെട്ടു. ഇന്നലെ അതിദൗദാർഗ്യകരമായ ചില സംഭവങ്ങൾ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് ഈ കുറിപ്പ്.
സ്വന്തം ജീവിതത്തിലെ രോഗ ഭീഷണിയെ അവഗണിച്ച് മറ്റുള്ളവരുടെ ജീവനെ സംരക്ഷിക്കുവാൻ നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഇന്നലെ പൂന്തുറയിൽ നേരിടേണ്ടി വന്ന ദൗർഭാഗ്യകരമായ സംഭവങ്ങളെ ഞാൻ ആദ്യമെ അപലപിക്കുന്നു. അവരെ സംരക്ഷിക്കേണ്ടതും അവർക്കായി സുരക്ഷിതമായ പ്രവർത്തനാന്തരീക്ഷ മൊരുക്കേണ്ടതും സമൂഹമെന്ന നിലയിൽ നമ്മുടെ ബാദ്ധ്യതയാണെന്നത് എല്ലാവരും ഓർമിക്കണം. ഇന്നലെ സംഭവിച്ചതെല്ലാം ഖേദകരമാണ്.
മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ച പുന്തുറയിലെ സഹോദരങ്ങളെ ഒറ്റപ്പെടുത്തുന്നതും തരംതാഴ്ത്തുന്നതും ഒരുപോലെ അപലപനീയമാണ്. ഈ ധൈര്യവാൻമാരാണ് 2018ലെ പ്രളയകാലത്ത് സ്വജീവൻ പണയം വച്ച് നിരവധി പേരുടെ ജീവൻ രക്ഷപ്പെടുത്തിയതെന്ന് നമ്മൾ ഓർമ്മിക്കണം. വർത്തമാനകാലസാഹചര്യങ്ങൾ ഉയർത്തുന്ന സമ്മർദ്ദങ്ങളെ അതിജീവിക്കാൻ നമ്മളവരെ സഹായിക്കുകയും അവർക്കൊപ്പം നിൽക്കുകയും വേണം.
ജനസാന്ദ്രത ഏറെ ഏറിയ പ്രദേശമാണ് പൂന്തുറ. ഭക്ഷണവും മരുന്നുമടക്കമുള്ള ദൈനംദിന ചെലവുകൾ നിർവ്വഹിക്കാൻ ഗതിയില്ലാത്ത ആയിരങ്ങളാണ് അവിടെ ഒറ്റപ്പെട്ടിരിക്കുന്നത്. മാരകരോഗ നിയന്ത്രണ വിലക്കുകളിൽ കുടുങ്ങി ബുദ്ധിമുട്ടുന്നവരുടെ നേരെ വിരൽ ചൂണ്ടാതെ ചുവടെ ചേർത്തിരിക്കുന്ന ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ ഞാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു. പൂന്തുറക്ക് വേണ്ടി ഞാൻ ഉയർത്തുന്ന അഞ്ചിന ആവശ്യങ്ങൾ ചുവടെ ചേർക്കുന്നു.
1. പോസിറ്റീവ് കേസുകളെ വാർഡു തലത്തിൽ വേർതിരിക്കുക.(പൂന്തുറ, മാണിക്യ വിളാകം, ബീമാപള്ളി, അമ്പലത്തറ….).
2. രോഗികളായവർക്ക് കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചുള്ള തീവ്രപരിചര ണം ഉറപ്പുവരുത്തുക. ജനങ്ങൾക്കിടയിലെ തെറ്റിദ്ധാ രണ പരിഹരിക്കാൻ ശരിയായ രീതിയിൽ അവരുമായി ആശയവിനിമയം നടത്തുക.
3. പോലീസിന്റെ ഭാഗത്ത് നിന്നും ജനങ്ങളോട് അനുകമ്പാ പൂർണ്ണമായ പെരുമാറ്റവും അവരെ പിന്തുണക്കുന്ന സമീപനവും ഉറപ്പ് വരുത്തുക.
4. നിർദ്ദിഷ്ട സമയങ്ങളിൽ മൊബൈൽ മാവേലി സ്റ്റോറിന്റെ സേവനത്തിലൂടെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുകയും മൊബൈൽ എ ടി എം സേവനം ഉറപ്പാക്കുകയും ചെയ്യുക.
5. ദിവസേനയുള്ള ഉപജീവന മാർഗ്ഗത്തിലൂടെ മാത്രം ജീവിക്കുന്നവർക്ക് പല വ്യജ്ഞനക്കിറ്റുകളടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ സൗജന്യമായി ലഭ്യമാക്കുക.
ഇതോടൊപ്പം, പൂന്തുറയിലും സമീപ പ്രദേശങ്ങളിലുമുള്ള കോവിഡ് 19 ബാധിതരെ വർക്കലയിലേക്ക് ചികിത്സിക്കാൻ കൊണ്ടു പോകുന്നതിന് പകരം ഇവരെ ചികിത്സിക്കുന്നതിന് ശംഖുമുഖത്തുള്ള പഴയ എയർ പോർട്ട് കെട്ടിടത്തിനെ കോവിഡ് ആശുപത്രിയാക്കി മാറ്റണമെന്ന നേരത്തെയുള്ള തരൂരിന്റെ അഭ്യർത്ഥന അദ്ദേഹം വീണ്ടും ശക്തമായി അധികാരികളോട് ആവർത്തിച്ചു.