കോൺഗ്രസിന്റെ സംഘടനാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഴുവൻ സമയ അദ്ധ്യക്ഷൻ സംഘടനയ്ക്ക് വേണം എന്ന വിഷയം ഇരുപത്തിമൂന്നു പ്രധാന കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചതിനു പുറകെ നെഹ്‌റു കുടുംബത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു എന്ന വ്യാജേന കേരളത്തിലെ പല കോൺഗ്രസ് നേതാക്കളും ശശി തരൂരിനെതിരെ രംഗത്തെത്തി .
കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷുമാണ് പരസ്യ പ്രസ്താവനയുമായി തരൂരിനെതിരെ പ്രതികരിച്ചത് .കോൺഗ്രസിന്റെ ജനപ്രീയ മുഖമായ തരൂരിനെ വിമർശിച്ചതും ആക്ഷേപിച്ചതും പാർട്ടിക്ക് തന്നെ മോശമായി .ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പോലും പരിഗണിക്കാവുന്ന വ്യക്തിത്വമാണ് ശശി തരൂർ .അദ്ദേഹത്തെ ഇകഴ്ത്തുന്ന സമീപനം കോൺഗ്രസിന്റെ രണ്ടു സീനിയർ നേതാക്കൾ തന്നെ സ്വീകരിച്ചത് അക്ഷരാർഥത്തിൽ സ്വന്തം പല്ലിട കുത്തി നാറ്റിക്കുന്നതു പോലെ ആയിപ്പോയി .
കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളിൽ തരൂരിനെ പിന്തുണയ്ക്കുന്നവരുമുണ്ട് . അദ്ദേഹം ആദരിക്കപ്പെടേണ്ട വ്യക്തിത്വം തന്നെയാണ് എന്ന് അവർ ഉറപ്പിച്ചു പറയുന്നു .വിമർശിക്കുന്ന നേതാക്കൾക്ക് തരൂരിനോട് അസൂയ തന്നെയാണ് എന്നവർ ഉറപ്പിച്ചു പറയുന്നു .ഇപ്പോൾ ഹൈക്കമാന്ഡിന് നൽകിയ കത്തിന്റെ പേരിൽ വിമർശിക്കാൻ കിട്ടിയ അവസരം ഉപയോഗിക്കുകയാണ് .
തരൂരിനെതിരെ കോൺഗ്രസ് നേതാക്കൾ പരസ്യപ്രസ്താവന നടത്തുന്നതിനെ അനുകൂലിക്കാത്ത നേതാക്കളിൽ പ്രമുഖരാണ് വി ഡി സതീശൻ കെ എസ് ശബരീനാഥൻ ,റോജി എം ജോൺ തുടങ്ങിയവർ .അവരാരും കോൺഗ്രസ് ഹൈക്കമാൻഡിനെ വിമർശിക്കുന്നില്ല പക്ഷെ തരൂരിനെ ആക്ഷേപിക്കുന്നതിനെ ഒട്ടും അംഗീകരിക്കുന്നുമില്ല .

കേരളത്തിൽ കോൺഗ്രസ് ഒരുമിച്ച് നിൽക്കും. രാഷ്ട്രീയ കാര്യസമിതി യോഗം ചേർന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി എടുത്ത തീരുമാനത്തെ പിന്തുണക്കാൻ ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ട്. കത്തിൽ ഒപ്പിട്ട ശശി തരൂരും പി.ജെ.കുര്യനും ആ തീരുമാനത്തിന്റെ കൂടെ നിൽക്കും.
ശശി തരൂർ നമ്മുടെ ശത്രുവല്ല. അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കോൺഗ്രസ്സിന്റെ നേതാവാണ്. മൂന്ന് പ്രാവശ്യം കേരള തലസ്ഥാനത്ത് ഫാസിസ്റ്റ് ശക്തികളെ കെട്ടുകെട്ടിച്ച നമ്മുടെ പ്രിയപ്പെട്ട എം.പിയാണ് ഡോ.തരൂർ .
നമ്മുടെ ശത്രുക്കൾ സി പി എമ്മും ബിജെപിയുമാണ് എന്ന് കോൺഗ്രസ് നേതാക്കളെ ഓർമ്മിപ്പിക്കുന്നുണ്ട് വി ഡി സതീശൻ എംഎല്‍എ.