ഒരു പ്രശ്നം പരിഹരിക്കണമെങ്കിൽ ആദ്യം വേണ്ടത് പ്രശ്നമുണ്ട് എന്നംഗീകരിക്കുകയാണ് .തുടർന്ന് മാത്രമേ പരിഹാരമാർഗ്ഗം തുറന്നു വരികയുള്ളു .രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് മുൻപ്രധാനമന്ത്രി മൻമോഹൻസിങ് നരേന്ദ്രമോഡിയോട് സമാനരീതിയിലാണ് പ്രതികരിച്ചത് .സാമ്പത്തിക പ്രതിസന്ധി ഉണ്ട് എന്ന് തുറന്നു സമ്മതിക്കലാണ് ആദ്യപടി എന്ന എം എം എസ്സിന്റെ പ്രസ്താവന ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു .ഇന്ത്യ പുരോഗതിയുടെ പാതയിലാണ് എന്ന് എല്ലായിപ്പോഴും അവകാശപ്പെടുന്ന മോഡിയാകട്ടെ ഒരിക്കലും ഭരണത്തിലെ വീഴ്ച തുറന്നു സമ്മതിച്ചിട്ടില്ല .
മുകളിൽ വിശദീകരിച്ച കാര്യം കോൺഗ്രസിന്റെ സംഘടനാ ദൗർബല്യങ്ങളിലേക്കും സമാനമായ ഉദാഹരണമാക്കാം. കോൺഗ്രസിന്റെ നേതൃത്വ രംഗത്തെ പ്രശ്നപരിഹാരം തീർപ്പാകാതെ നീങ്ങി നീങ്ങി പോകുന്നതിന്റെ കാരണം ഭൂരിഭാഗം നേതാക്കളും സംഘടനയിൽ യാതൊരു പ്രശ്നവുമില്ല എന്ന മട്ടിലാണ് കഴിഞ്ഞുപോകുന്നത് എന്നതിനാലാണ് .
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല .പാർട്ടിയെയും പോഷക സംഘടനകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ രാഹുലിന് കഴിഞ്ഞില്ല .’ചൗക്കിദാർ ചോർ ഹേ’ എന്ന പ്രചാരണമന്ത്രവും റാഫേൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ പത്ര മാധ്യമങ്ങളിലൂടെ ആരോപിച്ചും മോഡി സർക്കാരിനെ തറപറ്റിക്കാം എന്ന കണക്കുകൂട്ടൽ പൊളിഞ്ഞുപോയി. മികച്ച സഖ്യങ്ങൾ രൂപീകരിക്കാനും കോൺഗ്രസ്സിനായില്ല, അല്ലെങ്കിൽ കോൺഗ്രസ്സുമായി സഖ്യത്തിലേർപ്പെടാൻ മറ്റു പ്രാദേശിക കക്ഷികൾ മനസ്സുകാട്ടിയില്ല .അവസാനം കോടതി പോലും പ്രധാനമന്ത്രി കള്ളനാണ് എന്ന് പറഞ്ഞു എന്ന രാഹുലിന്റെ പരാമർശം വിവാദമായപ്പോൾ അദ്ദേഹത്തിന് മാപ്പും പറയേണ്ടി വന്നു .വയനാട്ടിലെ സുരക്ഷിത സീറ്റിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചതോടെ പതനം പൂർത്തിയായി .മേൽപ്പറഞ്ഞ പരാജയ കാരണങ്ങൾ രാഹുലിന്റെ തലയിൽ ചാരാതെ കോൺഗ്രസ് നേതാക്കളുടെ കൂട്ടുത്തരവാദിത്തമായി കാണാനാണ് രാഹുലിനെ സ്നേഹിക്കുന്നവർക്കിഷ്ടം .
ഇടക്കാല അധ്യക്ഷ എന്ന നിലയിൽ സോണിയയുടെ പ്രവർത്തനം അവരുടെ അനാരോഗ്യം കാരണം ഫലപ്രദമായില്ല .ലോക്ഡൗൺ സമയത്തു പലസ്ഥലത്തും കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം നിന്ന് കോൺഗ്രസ് അവരെ സ്വന്തം നാട്ടിലേക്കെത്തിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ രാജ്യ വ്യാപകമായി പാർട്ടിയുടെ മതിപ്പു കൂട്ടി .പക്ഷെ രാഷ്ട്രീയ കുതിരക്കച്ചവടവും മറ്റും പതിവാക്കിയ ബി ജെ പിക്കെതിരെ വേണ്ടരീതിയിൽ പ്രവർത്തിക്കാൻ കോൺഗ്രസ്സിന് ആകുന്നില്ല .നേതാക്കളും പ്രവർത്തകരും കടുത്ത നിരാശയിലാണ് .
കോൺഗ്രസ്സിലെ നേതൃത്വ പ്രശനം പരിഹരിക്കണമെന്നും സോണിയ അധ്യക്ഷസ്ഥാനം ഒഴിയണമെന്നും കാണിച്ചു കത്തെഴുതിയവർ കോൺഗ്രസിൽ നേതൃത്വ തലത്തിൽ പ്രശ്നങ്ങളുണ്ട് എന്നും അത് പരിഹരിക്കണമെന്നും ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണ് .നെഹ്റു കുടുംബത്തോട് എതിർപ്പൊന്നും തങ്ങൾക്കില്ല എന്നും അവർ പറയുന്നു .