അനശ്വരശബ്ദം ബാക്കിയാക്കി സംഗീതലോകത്തെ മഹാപ്രതിഭ എസ് പി ബാലസുബ്രഹ്‌മണ്യം വിട വാങ്ങിയിരിക്കുകയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു എസ്പിബിയുടെ വിയോഗം. 74 വയസ്സായിരുന്നു. ഓഗസ്റ്റ് അഞ്ചാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ എട്ടാംതീയതിയാണ് വെന്റിലേറററിലേക്ക് മാറ്റിയത്. കോവിഡ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ 7 ന് നെഗറ്റീവ് ആയിരുന്നു. പിന്നീട് ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം ഉപകരണങ്ങളുടെ സഹായത്തോടു കൂടിയായിരുന്നു. മകന്‍ എസ്.പി ചരണ്‍ ആണ് പിതാവിന്റെ വേര്‍പാട് പുറംലോകത്തെ അറിയിച്ചത്. ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ സ്വരനിറവായിരുന്നു, സംഗീതം പഠിക്കാത്ത എസ്പിബി. ഏതാണ്ട് എല്ലാ ഭാഷകളിലും പാടിയിട്ടുള്ള ഇദ്ദേഹം നാല്‍പ്പതിനായിരത്തിലേറെ പാട്ടുകളാണ് റെക്കോര്‍ഡ് ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ സിനിമയില്‍ ഇതുപോലെ പതിറ്റാണ്ടുകള്‍ കീഴടക്കിയ മറ്റൊരു ഗായകനില്ല. പ്രണയവും വിരഹവും കൂടുതല്‍ ആഴങ്ങളിലേക്ക് പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ശബ്ദത്തിനു സാധിച്ചിരുന്നു. മികച്ച ഗായകനുള്ള ആറ് ദേശീയ പുരസ്‌കാരങ്ങള്‍, ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍, എന്‍.ടി.ആര്‍ പുരസ്‌കാരം, പത്മശ്രീ, പത്മഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ രാവിലെ 7.30 ന് റെഡ് ഹില്‍സിനു സമീപം താമരൈപാക്കത്ത് നടക്കും.