ജീവിക്കാൻ ഒരു ജോലിയും അതിൽ നിന്നും സ്ഥിരവരുമാനവും ആവശ്യമാണ്. ഒരു വീട്ടിൽ ഭാര്യയും ഭർത്താവും ജോലി ചെയ്തെന്നുവരും, ചില വീടുകളിൽ ഒരാൾ മാത്രം ജോലി ചെയ്തെന്നു വരും. മറ്റു ചില വീടുകളിലാകട്ടെ ജോലി ചെയ്യുന്നില്ലെന്ന് പരസ്പരം പഴി പറഞ്ഞുകൊണ്ടിരുന്നെന്നു വരും.  എന്നാൽ ജോലി ചെയ്യുക എന്നത് പണത്തിനു വേണ്ടി എന്നതിലുപരി അവനവൻറെ ആവശ്യമാണ് എന്നതാണ് ശ്രദ്ധിക്കേണ്ടുന്ന കാര്യം.  ജോലി ചെയ്തുകൊണ്ട് ഭാര്യ ഭർത്താവിനെയോ, ഭർത്താവ് ഭാര്യയെയോ, ഇരുവരും കുടുംബത്തെയോ സഹായിക്കുന്നു എന്നതല്ല അവർ അവരെത്തന്നെയാണ് ആദ്യം സഹായിക്കുന്നത്. ഉന്മേഷത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നൊരാൾ കുടുംബത്തിനും സമൂഹത്തിനും നന്മയെ നൽകുന്നു. അല്ലാത്തവർ ദുഷിച്ച ചിന്തകൾകൊണ്ട് സ്വയം നശിക്കുകയും സമൂഹത്തെ ദ്രോഹിക്കുകയും ചെയ്യുന്നു.

കായികമായി ഒന്നും ചെയ്യാതിരിക്കുന്നയാൾ മാനസ്സികമായി പ്രാണശക്തിയെ അനാവശ്യമായി വിനിയോഗിക്കുക തന്നെ ചെയ്യും. ഒന്നുകിൽ അനാവശ്യമായ കാര്യങ്ങൾ ചിന്തിച്ചുകൂട്ടും, അല്ലെങ്കിൽ മറ്റുള്ളവരെക്കുറിച്ച് എന്തെങ്കിലുമൊക്കെ പരാതി പറഞ്ഞുകൊണ്ടിരിക്കും. എന്നിങ്ങനെ അവർ ഓരോ നിമിഷവും വിപരീത ദിശയിലേയ്ക്ക് പതിക്കുകയും തമോഗുണത്തെ വളർത്തുകയും ചെയ്യും. എന്നാൽ അതേ ആൾ എന്തെങ്കിലും ചെറിയ ജോലിയിൽ ഏർപ്പെട്ടു തുടങ്ങിനോക്കട്ടെ. അതോടെ ക്ഷീണം, മടി, അലസത, വിഷാദം, രോഗം, വിദ്വേഷം, അസൂയ, അധികമായ നിദ്ര, പരദൂഷണം, കാപട്യം തുടങ്ങിയുള്ള പല മോശം ശീലങ്ങളും കുറഞ്ഞു വരുകയും ഉത്സാഹവും ഉന്മേഷവും ആനന്ദവും അനുഭവത്തിൽ വരുന്നതായും കാണാം. ശരീരംകൊണ്ട് അധ്വാനിക്കാതെ ആഹാരം കഴിച്ച് പകൽക്കിനാവും പകലുറക്കവും കൊണ്ട് കാലംകഴിക്കുന്നവരുടെ ശരീരവും മനസ്സും ക്രമേണ ദുഷിച്ച് രണ്ടും രോഗത്തെ പ്രാപിക്കുന്നു.  എന്നതിനാൽ നാം നയിക്കുന്ന ജീവിതം എന്തുമാകട്ടെ എന്തെങ്കിലും ഒരു ജോലി ചെയ്യുക എന്നത് പണത്തിനു വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ കുടുംബാംഗങ്ങളെ സഹായിക്കാൻ വേണ്ടിയോ എന്നത് രണ്ടാമത്തെ കാര്യമാണ്.  അവനവന് അത് നല്ല ഗുണത്തെ പ്രദാനം ചെയ്യുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. കൃഷിയാകട്ടെ കച്ചവടമാകട്ടെ കൂലിവേലയാകട്ടെ എന്തെങ്കിലും കൈത്തൊഴിലാകട്ടെ എന്തായാലും നല്ലതാണ്.

നമ്മുടെ കൂടെയുള്ളവർ എന്തു ചെയ്യുന്നു എന്നതല്ല നാം എന്തു ചെയ്യുന്നു എന്നതാണ് നമുക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സേവനം. എന്തെങ്കിലും ജോലി ചെയ്യുന്നതിലൂടെ നാം നമ്മെത്തന്നെ സഹായിക്കുന്നു. അതിനാൽ സഹപ്രവർത്തകരെയും വീട്ടുകാരെയും പരാതി പറയുന്നത് മതിയാക്കിയിട്ട് സ്വയം ചെയ്യാനുള്ളത് എന്താണോ അത് ഭംഗിയായി സന്തോഷത്തോടെ ചെയ്യുക. “ഫലം നൽകുന്നത് ഈശ്വരനാണ്, കർമ്മം ചെയ്യാനുള്ള അധികാരം നമുക്കുള്ളതാണ്.”
ഓം

കൃഷ്ണകുമാർ കെ പി