ഓരോ പ്രായത്തിലും അതാത് പ്രായത്തിൻറെ അവിവേകംകൊണ്ട് നാം സ്വാതന്ത്ര്യത്തെ തെറ്റായി ധരിക്കാറുണ്ട്. കുഞ്ഞായിരുന്നപ്പോൾ നാം സ്വാതന്ത്ര്യമെന്നു കരുതിയിരുന്ന പലതും അപകടമാണെന്നു കരുതി മുതിർന്നിവർ നമ്മെ തടഞ്ഞിരുന്നു. ഓരോ പ്രായത്തിലും അങ്ങനെയാണ്, ആ പ്രായത്തിൽ എന്താണോ വികാരാവേശം അതാണ് നമ്മുടെ സ്വാതന്ത്ര്യമെന്നു നാം കരുതും. വിവേകം ഉദിക്കുന്നതിനനുസരിച്ച് അതൊന്നും സ്വാതന്ത്ര്യം ആയിരുന്നില്ല അവിവേകം ആയിരുന്നു എന്നറിവാകുകയാണ്. ഒടുവില്‍ പ്രായം കടന്നു പോകുമ്പോൾ ശരീരം നശിച്ചു തുടങ്ങുമ്പോൾ ശരീരംകൊണ്ടനുഭവിച്ചിരുന്ന എല്ലാ സ്വാതന്ത്ര്യവും തടയപ്പെടുന്നു.

വികാരാവേശങ്ങളെയാണ് നാം സ്വാതന്ത്ര്യം എന്നും അവകാശം എന്നും പറഞ്ഞ് വാദിക്കാറുള്ളത്. യഥാര്‍ത്ഥ സ്വാതന്ത്ര്യമാകട്ടെ അത് എന്താണെന്ന് അറിയണമെങ്കില്‍ പോലും വിവേകം കൊണ്ടാണ് സാധിക്കേണ്ടത്. വികാരാവേശംകൊണ്ട് വിവേകം മറഞ്ഞിരിക്കുമ്പോള്‍ നാം ബന്ധനത്തെ സ്വാതന്ത്ര്യം എന്നു കരുതി വാദിക്കുന്നു, വ്യക്തിസ്വാതന്ത്ര്യമായി അതിനെ നിയമവല്‍ക്കരിക്കുകയും ചെയ്യുന്നു!

ശരീരത്തിന് ജരാനരകള്‍ ബാധിക്കുമ്പോഴും യുവത്വത്തിന്റെ ബാധ വിട്ടൊഴിയാത്ത വൈകാരികബന്ധനം നമ്മുടെ വിവേകത്തെ അപ്പോഴും മറച്ചുകളയുന്നു. വിവേകം ഉദിക്കേണ്ടുന്ന പ്രായത്തില്‍ പോലും നാം യുവാവായി അലങ്കരിക്കപ്പെടാന്‍ ബദ്ധപ്പെടുകയാണ്. നശ്വരമായ ശരീരത്തിനപ്പുറം ശാശ്വതമായി എന്തുണ്ടെന്ന് ചിന്തിക്കാനുള്ള വിവേകബുദ്ധി ഒരിക്കല്‍ പോലും ഉണ്ടാകുന്നില്ല! നിത്യാനിത്യ വിവേകം ഉണ്ടെങ്കിലേ നമുക്ക് സ്വാതന്ത്ര്യം ഉള്ളൂ!!! അവിവേകം തന്നെയാണ് ബന്ധനം!!!

”ബാലസ്‌താവത്‌ ക്രീഡാസക്താ തരുണസ്‌താവത്‌ തരുണീസക്താ
വൃദ്ധസ്‌താവത്‌ ചിന്താസക്താ പരമേ ബ്രഹ്മണി കോപി ന സക്ത:” (ഭജഗോവിന്ദം)
ഓം

കൃഷ്ണകുമാർ കെ പി