ഒരു ശാസ്ത്രം സത്യമാണെന്നറിയണമെങ്കിൽ രണ്ട് വഴികളുണ്ട്. ഒന്നുകിൽ സിദ്ധാന്തം പഠിച്ച് അത് അനുഭവത്തിൽ വരുന്നുണ്ടോ എന്ന് പരിശോധിച്ചു നോക്കണം. അല്ലെങ്കിൽ അനുഭവങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് അതിൽ പൊതുവായി ആവർത്തിക്കപ്പെടുന്ന ഘടകങ്ങളെ അടിസ്ഥാനമാക്കി സിദ്ധാന്തം രൂപീകരിക്കണം. ഉദാഹരണത്തിന് ഓരോ ദിവസത്തെയും മാനസികവും ശാരീരികവുമായ നമ്മുടെ അവസ്ഥയെന്താണെന്ന് രേഖപ്പെടുത്തി വയ്ക്കണം. അന്നന്നത്തെ നക്ഷത്രം ഏതാണെന്ന് നോക്കി വേണം എഴുതി വയ്ക്കുവാൻ. പ്രപഞ്ചത്തിൽ എല്ലാ അനുഭവങ്ങൾക്കും ഒരു ചാക്രികത ഉണ്ട്, ആവർത്തന സ്വഭാവം ഉണ്ട്. അത് ജീവിതാനുഭവങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് എന്നതാണ് സത്യം. ഏതു നക്ഷത്രം വരുന്ന ദിവസമാണോ നമ്മുടെ ശരീരവും മനസ്സും അധികമായി അസ്വസ്ഥമാകുന്നത് എന്നു ശ്രദ്ധിച്ചാൽ ഇക്കാര്യം മനസ്സിലാക്കാം. ഓരോ ആളിനും അത് ഓരോ തരത്തിലായിരിക്കും എന്നുമാത്രം. സുഖകരമായ അനുഭവങ്ങളും ഇതു പോലെ തന്നെയാണ്.

ഇത് ഒരിക്കലും പ്രവചനമല്ലല്ലോ. മറിച്ച് ജീവിതത്തിൻറെ സ്ഥിരതയില്ലായ്മയുടെ ചക്രത്തെ നാം ദർശിക്കുകയാണ് ചെയ്യുന്നത്. ജീവിത ചലനത്തെ പല കോണുകളിൽ നിന്ന് നോക്കിക്കാണാൻ കഴിയും. ഓരോന്നും ഓരോ ശാസ്ത്രമാണ്. പല വീടുകളിലും സ്ഥിരം ഭാര്യാഭർത്താക്കന്മാർ തമ്മിൽ വഴക്കു കൂടുന്നു എങ്കിൽ ശ്രദ്ധിച്ചാൽ ഒരേ നക്ഷത്രം വരുന്ന ദിവസമാകും അത് സംഭവിക്കുന്നത് എന്നറിയാനാകും. ഇത്തരത്തിൽ നോക്കുമ്പോഴാണ് നമ്മുടെ ബന്ധനത്തിൻറെ ശക്തി എത്രമാത്രം തീവ്രമാണെന്ന് നാം മനസ്സിലാക്കുന്നത്. ഈ അനുഭവ ചക്രത്തിൽ നിന്നും പുറത്തു കടക്കുക എന്നത് പ്രയാസമാണ്. എന്നാൽ  നമുക്ക് ഈ പ്രപഞ്ചനിയമത്തെ വെല്ലുവിളിക്കേണ്ടതുണ്ട്. നാം ഇതിന് അടിമപ്പെട്ടു കൂട! വിവേകാനന്ദസ്വാമികൾ അത്തരമൊരു വെല്ലുവിളിയാണ് നമുക്ക് മുന്നിലേയ്ക്ക് വയ്ക്കുന്നത്-”അകലെ നിൽക്കുന്ന നക്ഷത്രങ്ങൾക്ക് മാറ്റിമറിക്കുവാൻ കഴിയുന്നതാണ് എൻറെ ജന്മമെങ്കിൽ അത്തരമൊരു നക്ഷത്രത്തിൽ ഞാൻ വിശ്വസിക്കുന്നില്ല.” പ്രപഞ്ചനിയമം മനസ്സിലാക്കി അതിന് കീഴ്‌പെടുകയല്ല വേണ്ടത്. അതിനെ ജയിക്കാനുള്ള വഴി തേടുകയാണ് വേണ്ടത്. നമ്മുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് നമുക്ക് കാണിച്ചു തരുന്നവയാണ് ശാസ്ത്രങ്ങൾ. അത് ചലനത്തെ കാണിച്ചു തരുന്നു, സ്ഥിരതയില്ലായ്മയെ കാണിച്ചു തരുന്നു, വിശദീകരിച്ചു തരുന്നു. അതോടെ നമ്മുടെ കലഹമനോഭാവം ആദ്യം അവസാനിക്കുന്നു. സ്ഥിരം ഒരേ ദിവസങ്ങളിലാണ് തൻറെ മനസ്സും ശരീരവും അസ്വസ്ഥമാകുന്നതെന്ന് ഒരാൾ തിരിച്ചറിഞ്ഞാൽ എന്താ സംഭവിക്കുക. അതോടെ മറ്റുള്ളവർ, ഭാര്യയോ, ഭർത്താവോ ആണ് പ്രശ്നം എന്നെല്ലാമുള്ള കലഹ ചിന്ത ഒഴിവാക്കാൻ ശീലിക്കുന്നു.

പ്രശ്നം നമുക്ക് തന്നെയാണെന്ന തിരിച്ചറിവ് വളരെ വലിയൊരു പരിഹാരമാണ്, എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാൻ മറ്റൊരു പരിഹാരവും ഇല്ലതന്നെ. ചലനമുണ്ടെങ്കിൽ അതിനൊരു ബാഹ്യകാരണം വേണമല്ലോ. ജീവിതാനുഭവങ്ങളെ ചലിപ്പിക്കുന്നത് അവനവൻറെ പ്രവൃത്തികളുടെ ഫലമല്ലാതെ മറ്റൊന്നുമല്ല. അതിനാൽ നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം സൂചകങ്ങൾ മാത്രമാണ്. അവ ചൂണ്ടി കാണിക്കുന്നത് നമ്മുടെ ഇന്നത്തെ അവസ്ഥയെയാണ്. പ്രശ്നം അവനവൻറെ ഉള്ളിലാണെന്ന് അറിഞ്ഞ് പരിഹാരം അവനവനിൽ തന്നെ ചെയ്യേണ്ടതുണ്ട്. ഉള്ളിലെ പരിശുദ്ധി പ്രകാശിക്കുവാൻ വേണ്ടതെന്താണോ അത് ചെയ്യുക. അത് പ്രർത്ഥനയെങ്കിൽ അങ്ങനെ, സത് പ്രവൃത്തിയെങ്കിൽ അത്.
ഓം

-കൃഷ്ണകുമാർ കെ പി