സത്യം നിലനില്‍ക്കും. അസത്യം നശിക്കുന്നു. ആത്മപരിശുദ്ധിയാണ് സത്യം. മനോമാലിന്യങ്ങളും ശരീരസൗന്ദര്യവും അസത്യമാണ്. ശരീരസുഖങ്ങള്‍ക്കുവേണ്ടിയോ സ്വന്തം പേരു കളങ്കപ്പെടാതിരിക്കാന്‍ വേണ്ടിയോ നാം സ്വാര്‍ത്ഥരായ് ആത്മപരിശുദ്ധിയെ മറികടന്ന് കള്ളം പറയുന്നു! സത്യത്തെ തള്ളിപ്പറയുന്നു! നിലനില്‍ക്കുന്ന സത്യത്തെ തള്ളിപ്പറഞ്ഞുകൊണ്ട് നിലനിര്‍ത്താന്‍ കഴിയാത്ത അസത്യത്തെ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ നാം സ്വന്തം അഭിമാനവും സുരക്ഷിതത്ത്വവും ഉറപ്പുവരുത്തുകയാണോ? അതോ നാം ആത്മപരിശുദ്ധിയാകുന്ന ഈശ്വരനില്‍നിന്ന് അകലുകയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഈശ്വരനാണ് സത്യം. അത് പരിശുദ്ധിയാണ്!

പ്രപഞ്ചത്തില്‍ ചൈതന്യവത്തായ ഒരീശ്വരന്‍ ഉണ്ടോ എന്ന ചോദ്യമില്ല. പ്രപഞ്ചത്തില്‍ നശിച്ചുകൊണ്ടിരിക്കുന്നതായി എന്തെല്ലാം ഉണ്ടോ അതൊന്നും സത്യമല്ലെന്നേ അറിയേണ്ടതുള്ളൂ. ശരീരവും അതിലുള്ള അഭിമാനവും അപമാനവും സൗന്ദര്യവും ഒന്നും സത്യമല്ല.

നശിച്ചുകൊണ്ടിരിക്കുന്നവയെ നിലനിര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട് നാം ദുഃഖിക്കുന്നു. നാം ഒരാളെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു, മറ്റൊരാളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അവരിരുവരും മരിച്ചുപോയാല്‍ പിന്നെ നമ്മുടെ സ്നേഹവും ദ്രോഹവും ലക്ഷ്യം ഇല്ലാതെ നശിക്കുകയാണല്ലോ? ഇത്തരത്തില്‍ മുന്നിലുള്ള ശരീരങ്ങളെ ആശ്രയിച്ച് ഉള്ളിലുള്ള വികാരങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു!

ആത്മപരിശുദ്ധിയാണ് സത്യം! അതിനു വിരോധമാണ് കാപട്യവും വിദ്വേഷവും. ലോകംമുഴുവന്‍ തള്ളിപ്പറഞ്ഞാലും നാം സ്വന്തം പരിശുദ്ധിയില്‍ നിലനില്‍ക്കണം. സ്വന്തം തെറ്റ് മറച്ചുവച്ച് ലോകത്തെക്കൊണ്ട് നല്ലതു പറയിക്കുവാന്‍ വേണ്ടി ഒരിക്കലും പരിശുദ്ധി വെടിഞ്ഞ് സത്യത്തെ തള്ളിപ്പറയരുത്. മറ്റുള്ളവര്‍ പറയുന്നതല്ല സത്യം, ഒരാള്‍ സ്വയം ഉള്ളിലെന്താണോ ചൈതന്യവത്തായി അനുഭവിച്ചറിയുന്നത് അവിടെയാണ് പരിശുദ്ധമായ സത്യം! സ്വാര്‍ത്ഥതകൊണ്ടും മിഥ്യാഭിമാനംകൊണ്ടും നാം സത്യത്തെ തള്ളിപ്പറയുമ്പോള്‍ സ്വന്തം കാപട്യം മറ്റാരു കാണുന്നില്ലെങ്കിലും നാം സ്വയം കാണുന്നുണ്ട്. താന്‍ കള്ളം പറയുകയാണെന്ന സ്വന്തം ബോധം നമ്മുടെ ആത്മവിശ്വാസത്തെ കെടുത്തുന്നു. സ്വന്തം രക്ഷയ്ക്കായും ലാഭത്തിനായും നാം മറ്റൊരാളുടെ സത്യത്തെ തള്ളിപ്പറഞ്ഞു എന്നു കരുതുക. പിന്നെ അയാളുടെ മുഖത്ത് ആത്മവിശ്വാസത്തോടെ നോക്കാനോ സംസാരിക്കാനോ നമുക്ക് കഴിയില്ല. നാം അങ്ങനെ സത്യത്തെ അഭിമുഖീകരിക്കാന്‍ ഭയക്കുന്നു. അങ്ങനെ കാപട്യംകൊണ്ട് ആത്മപരിശുദ്ധിയാകുന്ന ഈശ്വരനില്‍ നിന്നാണ് നാമകലുന്നതെന്നറിയേണ്ടതുണ്ട്.
ഓം

കൃഷ്ണകുമാർ കെ പി