സിനിമയാക്കുന്നത്  സംബന്ധിച്ചുള്ള കേസ് ഒത്തുതീര്‍പ്പിലേക്ക് രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനുമായുള്ള കേസ് ഒത്തുതീര്‍പ്പിലേക്ക്. കഥയ്ക്കും തിരക്കഥയ്ക്കും എം.ടിക്ക് പൂര്‍ണ്ണ അവകാശമുണ്ട്. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലുമുള്ള ഇതുമായി ബന്ധപ്പെട്ട കേസുകള്‍ എല്ലാം ഇരുകൂട്ടരും പിന്‍വലിക്കും. ഇതിന്റെയടിസ്ഥാനത്തില്‍ സുപ്രീം കോടതിയില്‍ ശ്രീകുമാര്‍ മേനോന്‍ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. തിങ്കളാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കും. രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പൈട്ട് കോഴിക്കോട് ഒന്നാം അഡീഷണല്‍ മുന്‍സിഫ് കോടതിയില്‍ എം.ടിയാണ് ആദ്യം കേസ് നല്‍കിയത്. എംടി നല്‍കിയ ഹര്‍ജിയില്‍ സംവിധായകന്‍ രണ്ടാമൂഴം തിരക്കഥ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞ് ഉത്തരവിട്ടിരുന്നു. 2014 ഡിസംബറിലുണ്ടാക്കിയ കരാര്‍ പ്രകാരം രണ്ടാമൂഴത്തിന്റെ തിരക്കഥ കൈമാറിയിട്ടും നിശ്ചിത കാലത്തിനകം സിനിമയാക്കാതെ വൈകിപ്പിച്ചതിനെ തുടര്‍ന്ന് കഥ തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ടാണ് എംടി കോടതിയെ സമീപിച്ചത്. രണ്ട് കോടിരൂപ പ്രതിഫലത്തിന് തിരക്കഥ കൈമാറാനായിരുന്നു കരാര്‍. സുപ്രീം കോടതയില്‍ തിങ്കളാഴ്ച കേസില്‍ തീരുമാനമുണ്ടായ ശേഷമേ എന്തെങ്കിലും പറയാനുള്ളുവെന്നാണ് എംടിയുടെ പ്രതികരണം.