തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു തന്നെയാണ് ഈഴവ സമുദായ പ്രീണനം ലക്ഷ്യം വച്ച് ഇടതുപക്ഷം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല രൂപീകരിച്ചത് എന്നാണ് ഉയരുന്ന പ്രധാന ആരോപണം .മുബാറക് പാഷയെ വി സി ആയി നിയമിച്ചത് മറ്റൊരു സാമുദായിക പ്രീണനമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .
ഇപ്പോൾ വി സി നിയമനം വെള്ളാപ്പള്ളി നടേശൻ വിവാദമാക്കിയിരിക്കുന്ന അവസരത്തിൽ ചില സംശയങ്ങൾ ഉയരുന്നുണ്ട് .വി സി അടക്കമുള്ളവരെ നിയമിച്ചതിൽ ശ്രീനാരായണീയർ അതായത് ഈഴവരെ പരിഗണിച്ചില്ല എന്നതാണ് വെള്ളാപ്പള്ളി തന്റെ അതൃപ്തിക്കു കാരണമായി പറയുന്നത് .അതിന്റെ പേരിൽ സർക്കാരിനെ കടന്നാക്രമിക്കുകയാണ് വെള്ളാപ്പള്ളി .സാമ്പത്തിക പ്രശ്നത്തിൽ കുടുങ്ങി കിടന്ന വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാറിനെ തിരിച്ചു നാട്ടിലെത്തിച്ചതിന്റെ നന്ദി വെള്ളാപ്പള്ളിക്ക് മുഖ്യമന്ത്രി പിണറായി വിജയനോടില്ലാത്തത് അതിശയിപ്പിക്കുന്നു .എസ് എൻ ഡി പി ഭാരവാഹിയായിരുന്ന സുകേശന്റെ ആത്മഹത്യയിലും സർക്കാർ വെള്ളാപ്പള്ളിയെ കഴിയും വിധമെല്ലാം സംരക്ഷിച്ചു .അതിന്റെയൊന്നും സ്മരണയില്ലാതെയുള്ള വെള്ളാപ്പള്ളിയുടെ പെരുമാറ്റം അത്രകണ്ട് വിശ്വസനീയമല്ല .വിഷയം വിവാദമാക്കി ആളിക്കത്തിക്കുന്നത് രാഷ്ട്രീയമായി നേട്ടം കൊയ്യാം എന്ന ഉദ്ദേശത്തോടുകൂടി നടത്തുന്ന നാടകമാകാനാണ് കൂടുതൽ സാധ്യത .

യാതൊരു ഒരുക്കങ്ങളുമില്ലാതെ മതിയായ സ്റ്റാഫുകളോ മറ്റനുബന്ധ സൗകര്യങ്ങളോ ഉണ്ടാക്കാതെ പെട്ടന്ന് ശ്രീനാരായണ ഗുരുദേവന്റെ പേരിൽ ഓപ്പൺ സർവകലാശാല ധൃതിപിടിച്ചു തുടങ്ങിയത് രാഷ്ട്രീയ ദുരുദ്ദേശം കൊണ്ട് തന്നെയാണ് എന്ന് മുൻ കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി ചെയർമാനുമായ ആർ എസ് ശശികുമാർ പറയുന്നു .സിലബസ്സോ കരിക്കുലമോ സ്റ്റഡി മെറ്റിരിയലോ ഇല്ലാതെ ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിക്കുന്നത് ഗുരുദേവനെ ആദരിക്കാനൊന്നുമല്ല .സാമുദായിക പ്രീണനവും കുറെ നിയമനങ്ങളും നടത്തുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശം അല്ലാതെ ഗുരുദേവദർശനങ്ങൾ നടപ്പിലാക്കാനല്ല എന്നത് തീർച്ചയാണ് .