കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ സിനിമാ മേഖലയും നിലനില്‍പ്പിന്റെ വഴികള്‍ തേടുകയാണ്. മറ്റുഭാഷകളില്‍ ലോകഡൗണ്‍ കാലത്ത് ഡിജിറ്റല്‍ സ്‌ട്രീമിങ് പ്‌ളാറ്റ്‌ഫോമുകളിലൂടെ സിനിമകള്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നുണ്ട്. ഇനി ഈ വഴിയെ നടക്കാനൊരുങ്ങുകയാണ് മലയാള സിനിമയും. ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. ആദ്യമായാണ് ഒരു മലയാള സിനിമ തീയേറ്റര്‍ പ്രദര്‍ശനത്തിനില്ലാതെ നേരിട്ട് ഒ ടി ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നത്. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിച്ചിട്ടുണ്ട്. സൂഫിയായി ജയസൂര്യ എത്തുമ്പോള്‍ അദിതി റാവു ഹൈദരിയാണ് നായികയായി എത്തുന്നത്. സിദ്ധിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ജയസൂര്യ തന്നെയാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സമൂഹവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിയേറ്ററിലിരുന്ന് സിനിമ കാണാന്‍ മാസങ്ങള്‍ എടുക്കും. അതിനാലാണ് സിനിമകള്‍ ഓണ്‍ലൈന്‍ ഫ്‌ളാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുവാന്‍ അണിയറ പ്രവര്‍ത്തര്‍ തീരുമാനിക്കുന്നത്. മറ്റുമേഖലകളിലെന്ന പോലെ സിനിമാമേഖലയും അതിജീവനത്തിന്റെ പാതയിലാണ്.