സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് നടി കങ്കണ സമൂഹമാധ്യത്തില്‍ പങ്കു വച്ച വീഡിയോയില്‍ പറഞ്ഞു. അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം സുശാന്തിന് ലഭിച്ചിട്ടില്ല എന്നും അദ്ദേഹത്തിന്റെ മരണശേഷം ചില മാധ്യമപ്രവര്‍ത്തകരെ വിലയ്‌ക്കെടുത്ത് ബോളിവുഡിലെ പ്രമുഖര്‍ സുശാന്തിനെ മാനസികരോഗിയായും, മയക്കുമരുന്നിന് അടിമയായും ചിത്രീകരിച്ചുവെന്ന് കങ്കണ ആരോപിക്കുന്നു. മികച്ച സിനിമകള്‍ ചെയ്ത ആളായിട്ടുപോലും അദ്ദേഹത്തിന് ഒരു അംഗീകാരവും ലഭിച്ചിട്ടില്ല. പഠനത്തിലും മിടുക്കനായിരുന്ന താരത്തെക്കുറിച്ച് മാധ്യമങ്ങളെ ഉപയോഗിച്ച് ചില തെറ്റിധാരണകള്‍ പരത്തുകയാണ്. സിനിമയില്‍ തനിക്ക് ഗോഡ്ഫാദറില്ലെന്നും താന്‍ പുറത്താകുമെന്നുമൊക്കെ പലപ്പോഴും സൂചിപ്പിച്ചിരുന്ന താരം തന്റെ സിനിമകള്‍ കാണാന്‍ അപേക്ഷിക്കുന്ന ഘട്ടം വരെ എത്തിയിരുന്നു. ചിക്‌ചോരെ പോലുള്ള മികച്ച സിനിമകള്‍ ഉണ്ടായിട്ടും അര്‍ഹിക്കുന്ന പുരസ്‌ക്കാരങ്ങള്‍ ലഭിച്ചില്ല. സെലിബ്രിറ്റികള്‍ മാനസികമായി സംഘര്‍ഷം അനുഭവിക്കുന്നുണ്ടെങ്കില്‍ മാധ്യമങ്ങള്‍ അവരോട് കുറച്ച് അനുതാപത്തോടെ പെരുമാറണം. സഞ്ജയ് ദത്തിനെപോലുള്ളവരുടെ മയക്കുമയന്ന് ഉപയോഗം ക്യൂട്ടായി തോന്നുന്നവര്‍ തന്നെയാണ് സുശാന്തിനെക്കുറിച്ച് ഇങ്ങനെ എഴുതിയതും. അവര്‍ക്ക് മാപ്പില്ല. പഠനകാലത്ത് മെഡല്‍ നേടി വിജയിയായ സുശാന്തിനെ എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ ദുര്‍ബലഹൃദയമുള്ള വ്യക്തിയായി ചിത്രീകരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് കങ്കണ വീഡിയോ അവസാനിപ്പിക്കുന്നത്. സുശാന്തിന്റെ ആത്മഹത്യ ബോളിവുഡില്‍ വന്‍വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.