ചെന്നൈ : സൂരരായി പോട്രു തീയേറ്റര്‍ ഒഴിവാക്കി നേരിട്ട് ഒടിടി റിലീസിനെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് സൂര്യ. ഒടിടി റിലീസുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ സംഘടനകളും നിര്‍മ്മാതാക്കളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് സൂര്യയുടെ ചിത്രവും ഒടിടി റിലീസിനെത്തുന്നത്. നേരത്തെ നടി ജ്യോതിക പ്രധാനകഥാപാത്രത്തെ അവതിരിപ്പിച്ച പൊന്മകള്‍ വന്താല്‍ ആമസോണ്‍ പ്രൈമിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയി എത്തിയിരുന്നു. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് സൂര്യ ആയിരുന്നു. ചിത്രത്തിന്റെ ഡയറക്ട് ഒടിടി റിലീസ് ചര്‍ച്ചയായ സമയത്ത് സൂര്യയുടെ വരുംകാല ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട്ടിലെ തീയേറ്റര്‍ ഉടമകളുടെ സംഘടന ഭീഷണി മുഴക്കിയിരുന്നു. അതിനാല്‍ സൂര്യയുടെ ഈ പ്രഖ്യാപനം വന്‍വിവാദങ്ങള്‍ക്ക് വഴിതെളിക്കുമെന്നുറപ്പാണ്.

”എന്റെ സിനിമാജീവിതത്തിലെ ഒരു പ്രധാന ചിത്രമാണ് സൂരരായി പോട്രു. ആരാധകര്‍ക്കൊപ്പം തീയേറ്ററിലിരുന്ന് ഈ ചിത്രം കാണാനായിരുന്നു എന്റെ ആഗ്രഹവും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അതിന് അനുവദിക്കുന്നില്ല. ഒരുപാട് പേരുടെ അധ്വാനവും സര്‍ഗാത്മകതയും ചേര്‍ന്നതാണ് ഒരു സിനിമ. അത് സമയത്തുതന്നെ അതിന്റെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന എന്നത് ഒരു നിര്‍മ്മാതാവിന്റെ കടമായാണ്. ചിത്രത്തിന്റെ റിലീസ് ചെലവ് ഇനത്തില്‍ മാറ്റിവച്ചിരുന്ന അഞ്ച് കോടി രൂപ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും ചലച്ചിത്രമേഖലയിലെ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനകരമാംവിധം ഈ തുക വിനിയോഗിക്കുമെന്നും” സൂര്യ ട്വിറ്ററില്‍ കുറിച്ചു. പ്രേക്ഷകര്‍ വളരെയധികം ആകാംക്ഷയോടെ കാത്തിരുന്ന ഈ ചിത്രം ഒക്ടോബര്‍ 30ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ഇതോടെ വലിയ ചര്‍ച്ചകള്‍ക്ക് തെന്നിന്ത്യന്‍ സിനിമാലോകത്ത് കളം ഒരുങ്ങുമെന്നുറപ്പായി.