കോവിഡും, ലോക്ക്ഡൗണും ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലയാണ് സിനിമ. ആറുമാസമായി തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. ഇതോടെ കനത്ത സാമ്പത്തിക നഷ്ടമാണ് സിനിമാമേഖലയിലുള്ളവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളോടെതിയേറ്ററുകള്‍ തുറക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വന്നിരുന്നുവെങ്കിലും കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ തീരുമാനമായില്ല. ഒക്ടോബറില്‍ ദീപാവലി ഉത്സവകാലത്തെങ്കിലും തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് തിയേറ്റര്‍ ഉടമകള്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ക്ക് മറുപടി നല്‍കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ തിയേറ്ററുകള്‍ക്ക് ഇതിനോടകം തന്നെ 3000 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.മാളുകളിലെ മള്‍ട്ടി സ്‌ക്രീനിംഗ് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ സെപ്റ്റംബര്‍ ഒന്നോടെ അനുമതി നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ചര്‍ച്ചയില്‍ ആന്ധ്രാപ്രദേശ്, കേരളം, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഈ വര്‍ഷം വിഷും, ഓണം, റംസാന്‍ ഉത്സവകാലങ്ങളിലും തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു.