മാസങ്ങളായി അടഞ്ഞുകിടന്ന തിയേറ്ററുകള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ ഏകികൊണ്ട് ആദ്യപ്രദര്‍ശനമായ വിജയ് ചിത്രം മാസ്റ്റര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. മാസ്റ്റര്‍ ജില്ലയില്‍ 10 കേന്ദ്രങ്ങളിലായി 24 തിയേറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ദിവസം മൂന്ന് ഷോയാണ് നടക്കുന്നത്. രാവിലെ ഒമ്പതിനുള്ള ഷോ ഫാന്‍സുകാര്‍ക്കുള്ളതായിരുന്നു . കേരളത്തില്‍ ഏറെ ആരാധകരുള്ള ഇളയദളപതിയും, വിജയ്‌സേതുപതിയും ഒന്നിക്കുന്നുവെന്നത്   മാസ്റ്ററിന്റെ ഹൈലൈറ്റുകളിലൊന്നാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രദര്‍ശനം നടക്കുക. അത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നത് വലിയ വെല്ലുവിളിയാണ്. ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കാന്‍ റിബണ്‍ കെട്ടി വേര്‍തിരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും ഇത് ബാധകമാണ്. ചില തിയേറ്ററുകളില്‍ തെര്‍മല്‍ സ്‌കാനിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് വാങ്ങാനും ഓണ്‍ലൈന്‍ ബുക്കിംഗിനും തിരക്ക് അനുഭവപ്പെട്ടു. പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തിലാണ് ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റഴിഞ്ഞത്. മാസ്റ്ററിന്റെ പ്രേക്ഷകസ്വീകാര്യത വരും നാളുകളില്‍ മലയാള സിനിമാറിലീസിനും പ്രചോദനമായിട്ടുണ്ട്. 21 മുതല്‍ മലയാള ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തും. കോവിഡ് ഭീതികാരണം തിയേറ്ററുകളില്‍ കാഴ്ചക്കാരുണ്ടാകുമോയെന്ന ഭയം തിയേറ്റര്‍ ഉടമകള്‍ക്കുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് ഇന്നെലെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത്.