വെൽഫെയർ പാർട്ടിയുമായി ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന നീക്കുപോക്ക് സഖ്യത്തിലേക്കു വ്യാപിപ്പിക്കണം എന്ന അഭിപ്രായം കെ മുരളീധരൻ പരസ്യപ്പെടുത്തുന്നു .നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യു ഡി എഫിൽ സഖ്യകക്ഷിയായി വെൽഫെയർ പാർട്ടി ഉണ്ടാകണം എന്ന ആഗ്രഹം മുരളിക്കുണ്ട്.ജമാ അത്തെ ഇസ്‌ലാമിയയുടെ വെൽഫെയറിനു നല്ല സർട്ടിഫിക്കറ്റും നൽകുന്നുണ്ട് മുരളി.ഇതേ നിലപാടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് .
മറുവശത്തു മുല്ലപ്പള്ളി നിലപാട് കടുപ്പിക്കുകയാണ് .വെൽഫെയറുമായി യാതൊരു സഖ്യമോ നീക്കുപോക്കോ കോൺഗ്രസ്സിനുണ്ടാകില്ല ,താൻ പറയുന്നത് തന്നെയാണ് കോൺഗ്രസിന്റെ ഔദ്യോഗിക അഭിപ്രായം എന്നും അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ് കെ പി സി സിയുടെ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ .
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതിനു മുന്നോടിയായി കോൺഗ്രസ്സിലെ മുൻനിര നേതാക്കൾ വെൽഫെയർ പാർട്ടി വിഷയത്തിൽ തമ്മിലടിക്കുന്നത് ശ്രദ്ധാപൂർവ്വം നോക്കിക്കാണുകയാണ് എൽ ഡി എഫ് . ഇപ്പോൾ കോൺഗ്രസ്സിൽ നടക്കുന്ന പ്രസ്താവനയുദ്ധം ദൂരവ്യാപകമായ പ്രത്യാഘാതം പാർട്ടിയിൽ ഉണ്ടാക്കും എന്ന ആശങ്കയിലാണ് പാർട്ടിയിലെ മറ്റു നേതാക്കൾ .