വട്ടിയൂർക്കാവിൽ കോൺഗ്രസ് ആദ്യം പരിഗണിച്ച സ്ഥാനാർത്ഥിയുടെ പേര് കെ പി അനിൽകുമാറിന്റേതായിരുന്നു.എന്നാൽ മണ്ഡലത്തിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ട എന്ന നിലപാടിൽ പ്രാദേശിക നേതാക്കൾ ഉറച്ചു നിന്നു. അവരെ അനുനയിപ്പിച്ച് മണ്ഡലം തണുപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ പിടിച്ചുനിൽക്കാനാകാതെ അനിൽകുമാർ കളമൊഴിഞ്ഞു .തുടർന്ന് കെ പി സി സി വൈസ് പ്രസിഡന്റ് പി സി വിഷ്ണുനാഥിന്റെ പേര് കോൺഗ്രസ് പരിഗണിച്ചു .കാര്യമായ എതിർപ്പ് ഉണ്ടാകില്ല എന്ന കണക്കുകൂട്ടൽ പക്ഷെ തെറ്റി .മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം തുടർന്നു. പല കോൺഗ്രസ് പ്രാദേശിക നേതാക്കളും രാജിവച്ചൊഴിഞ്ഞു .ആദ്യം കൊല്ലം സീറ്റിൽ പരിഗണിക്കപ്പെട്ട പി സി വിഷ്ണിനാഥ് അവിടെ ബിന്ദു കൃഷ്ണയുടെയും പാർട്ടി ഭാരവാഹികളുടെയും കടുത്ത എതിർപ്പിനെ തുടർന്ന് കളം മാറി കുണ്ടറയിലെത്തി . എന്നാൽ കുണ്ടറയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയോട് മത്സരിക്കാൻ വിഷ്ണു താല്പര്യം കാട്ടിയില്ല .അങ്ങനെയാണ് വട്ടിയൂർക്കാവിലേക്ക് താല്പര്യം നീളുന്നത് .പരിഗണിച്ചു തുടങ്ങിയതും പ്രതിഷേധവും തുടങ്ങി .അതോടെ തീരുമാനം അനിശ്ചിതത്വത്തിലായി .
മഹിളാ കോൺഗ്രസ്സ് അദ്ധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂർ സീറ്റ് ലഭിക്കാനാകാത്തതിൽ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്തു .തുടർന്നവർ പാർട്ടി പദവികൾ രാജിവച്ചു .കോൺഗ്രസ്സ് സ്ഥാനാർത്ഥി ലിസ്റ്റിലെ വനിതാ പ്രതിനിധ്യത്തെ പറ്റി ആക്ഷേപവുമുയർന്നു .ദേശീയ തലത്തിൽ പോലും ലതിക സുഭാഷിന്റെ പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടത് കോൺഗ്രസ്സിന് തലവേദനയായി . അതോടെ ഇനി പ്രഖ്യാപിക്കാനുള്ള ആറ് സീറ്റുകളിൽ ഒരെണ്ണത്തിൽ ഒരു വനിതയെ പരിഗണിക്കണം എന്ന കാര്യത്തിൽ ഏകദേശധാരണ നേതാക്കൾക്കിടയിൽ ഉണ്ടായിക്കഴിഞ്ഞു . കല്പറ്റ,നിലമ്പൂർ,പട്ടാമ്പി,തവനൂർ,കുണ്ടറ,വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ബാക്കിയുള്ളത് .
കോൺഗ്രസ്സ് യുവനേതാവ് ജ്യോതി വിജയകുമാറിന് കോൺഗ്രസ് സ്ഥാനാർത്ഥിത്വം കിട്ടാനുള്ള സാധ്യത തെളിയുകയാണ് . വിദ്യാർത്ഥി യുവജന രംഗത്ത് പ്രവർത്തിച്ച് രാഷ്ട്രീയത്തിൽ വളർന്ന അഭിഭാഷകയാണ് ജ്യോതി വിജയകുമാർ .സിവിൽ സർവ്വീസ് വിദ്യാർത്ഥികൾക്ക് ക്ലാസ്സുകളെടുക്കുന്ന ജ്യോതി മികച്ച പ്രാസംഗികയുമാണ് .കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളുടെ സ്ഥിരം പരിഭാഷക എന്ന നിലയ്ക്ക് ജനങ്ങൾക്ക് സുപരിചിതയാണ് ജ്യോതി വിജയകുമാർ .