ഊരാളുങ്കൽ സൊസൈറ്റിക്ക് സർക്കാർ വഴിവിട്ടു നൽകുന്ന ഇളവുകൾ ശരിയല്ല എന്നാരോപിച്ച് രംഗത്തെത്തിയിരിക്കുന്നത് കോൺഗ്രസ് നേതാവ് വി ഡി സതീശനാണ് .
സംസ്ക്കാരിക മേഖലയിൽ ഊരാളുങ്കൽ സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ജി എസ് ടി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ജി എസ് ടി വകുപ്പ് ഇറക്കിയിരിക്കുകയാണ്.ഭരണഘടനയുടെ 243 ( G),243 ( W) എന്നീ വകുപ്പുകളും കേന്ദ്ര ജി എസ് ടി വകുപ്പ് പുറത്തിറക്കിയ 12/ 2017 വിജ്ഞാപനവും ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ് സർക്കാർ ഈ നടപടി സ്വീകരിക്കുന്നത് എന്ന് സതീശൻ ആരോപിക്കുന്നു .
ഓരോ പ്രവർത്തിക്കും ഊരാളുങ്കൽ സൊസൈറ്റിക്ക് മറ്റു കരാറുകാരേക്കാൾ കൂടുതൽ തുകയ്ക്ക് ക്വാട്ട് ചെയ്യാനുള്ള പ്രത്യേക അനുമതി നേരത്തെ തന്നെയുണ്ട്. അതിന്റെ കൂടെയാണ് ജി എസ് ടി കൂടി അവർക്ക് ഒഴിവാക്കിക്കൊടുത്തത്. നിയമവിരുദ്ധമായ ഈ തീരുമാനം സർക്കാർ അടിയന്തിരമായി പിൻവലിക്കണം എന്നും സതീശൻ ആവശ്യപ്പെട്ടു .

ഊരാളുങ്കൽ സൊസൈറ്റിക്ക് എന്താ കൊമ്പുണ്ടോ? എന്ന തലക്കെട്ടോടെ വി ഡി സതീശൻ ഉയർത്തിയ ആരോപണങ്ങൾക്ക് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക് ഫേസ്ബുക്കിൽ തന്നെ മറുപടിയുമായെത്തി.

സതീശന്റെ ആരോപണങ്ങൾക്ക് അക്കമിട്ടു നിരത്തിയാണ് ഐസക്കിന്റെ മറുപടി . 1) കേരള സർക്കാരിന്റെ ജി.എസ്.ടി വകുപ്പ് അല്ല ഉത്തരവ് ഇറക്കിയിട്ടുള്ളത്. Kerala Authority for Advance Ruling ന്റേതാണ് ഉത്തരവ്. ഇത് അർദ്ധജുഡീഷ്യൽ സ്വഭാവമുള്ള ഒരു നികുതി അതോറിറ്റിയാണ്. ഇതിൽ രണ്ട് അംഗങ്ങളാണുള്ളത്. കേന്ദ്ര സർക്കാരിന്റെ നികുതി ഉദ്യോഗസ്ഥനും അതുപോലെ സംസ്ഥാന ജി.എസ്.ടി വകുപ്പിലെ ജോയിന്റ് കമ്മീഷണറും. ഇവർ ഇറക്കുന്ന ഉത്തരവ് എങ്ങനെ കേരള സർക്കാരിന്റെ ഉത്തരവാകും?

2) ഇവരുടെ ചുമതല ജി.എസ്.ടി നിയമം സംബന്ധിച്ച് എന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ നികുതി നിർണ്ണയത്തിനു മുമ്പുതന്നെ അഡ്വാൻസായി അഥവാ മുൻകൂറായി അതുസംബന്ധിച്ച് വ്യക്തതയോ അല്ലെങ്കിൽ വ്യാഖ്യാനമോ നൽകുക എന്നുള്ളതാണ്. അവരുടെ തീരുമാനത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ മുകളിലുള്ള അപ്പലേറ്റ് അതോറിറ്റിയിൽ അപ്പീൽ നൽകുക മാത്രമാണ് മാർഗ്ഗം. സംസ്ഥാന സർക്കാരിന് തീരുമാനം പിൻവലിക്കാനുള്ള അധികാരം ഇല്ല. അതുകൊണ്ട് സതീശന്റെ അഭ്യർത്ഥന സ്വീകരിക്കാൻ കഴിയില്ല.

3) കേന്ദ്ര ജി.എസ്.ടി വകുപ്പ് പുറത്തിറക്കിയ 12/2017 ലെ (2007 എന്നുള്ളത് സതീശന്റെ കുറിപ്പിലുള്ള അക്ഷരത്തെറ്റാണ്) വിജ്ഞാപനം ദുർവ്യഖ്യാനം ചെയ്തുകൊണ്ടാണ് ഈ ഉത്തരവ് ഇറക്കിയിട്ടുള്ളത് എന്നാണ് വാദം. വ്യാഖ്യാനമാകട്ടെ ദുർവ്യാഖ്യാനമാകട്ടെ മുകളിലുള്ള അതോറിറ്റിയുടെ അപ്പലേറ്റ് അതോറിറ്റിക്കു മാത്രമേ അത് തിരുത്താൻ കഴിയൂ. അല്ലെങ്കിൽ ജി.എസ്.ടി കൗൺസിൽ മുൻകാല പ്രാബല്യത്തോടെ ഈ ഇളവ് വേണ്ടായെന്നു തീരുമാനിക്കണം. ഇതു സംബന്ധിച്ച് നിശ്ചമായും വി.ഡി.സതീശന് ജി.എസ്.ടി കൗൺസിലിന് എഴുതാവുന്നതാണ്.

4) ജി.എസ്.ടി കൗൺസിൽ ഒട്ടേറെ ഉൽപ്പന്നങ്ങൾക്ക് നികുതി ഇളവ് നൽകിയിട്ടുണ്ട്. അതുപോലെ സേവനങ്ങൾക്കും. അതിൽ ഒന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കും ദുർബ്ബല ജനവിഭാഗങ്ങളുടെ ഉന്നമനം, സാംസ്ക്കാരിക അഭ്യുന്നതി എന്നിവയെല്ലാം ലക്ഷ്യംവച്ച് നൽകുന്ന സേവനങ്ങൾ Pure Service ആണെങ്കിൽ നികുതി വേണ്ട എന്നുള്ളത്. ഇതു സംബന്ധിച്ചാണ് 12/2017 ലെ വിജ്ഞാപനത്തിന്റെ സ്പഷ്ടീകരണം. നിർമ്മാണ പ്രവൃത്തികൾ അല്ലെങ്കിൽ സാധനങ്ങളുടേയും സേവനങ്ങളുടെയും ഒന്നിച്ചുള്ള Supply എന്നിവ Pure Service എന്ന ഗണത്തിൽപ്പെടുത്താൻ കഴിയില്ല. ഊരാളുങ്കൽ പരാമർശവിധേയമായ കോൺട്രാക്ടിൽ നൽകുന്ന സേവനങ്ങൾ Pure Service എന്ന ഗണത്തിൽപ്പെടുമോ ഇല്ലയോ എന്നതാണ് ഈ അതോറിറ്റി പരിശോധിച്ചത്. ഊരാളുങ്കൽ നൽകുന്ന സേവനം ആ ഗണത്തിൽപ്പെടുമെന്നാണ് അഡ്വാൻസ് റൂളിംഗ് അതോറിറ്റിയുടെ കണ്ടെത്തൽ. ഇങ്ങനെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കും നൽകുന്ന Pure Service സേവനങ്ങൾക്ക് ജി.എസ്.ടി നികുതി ഒഴിവ് നൽകാനാണ് ജി.എസ്.ടി കൗൺസിലിന്റെ തീരുമാനം. ആ ആനുകൂല്യം ഊരാളുങ്കലിനും ലഭ്യമാകും.

5) ഊരാളുങ്കലിന് ഒഴിവ് നൽകുന്നൂവെന്ന് കേൾക്കുമ്പോൾ സാധാരണക്കാരുടെ മനസ്സിൽ വരുക അവരുടെ കോൺട്രാക്ട് നിർമ്മാണ പ്രവർത്തികൾക്ക് ഇളവ് നൽകിയിരിക്കുന്നു എന്നായിരിക്കും. അവയ്ക്കൊന്നിനും ഒരു ഒഴിവും ഇല്ല. ഒഴിവ് നൽകുന്ന സേവനങ്ങൾ എന്തൊക്കെയാണെന്ന് ഉത്തരവിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.“ഗ്രാമീണ കല, കരകൗശല ഗ്രൂപ്പുകൾ സൃഷ്ടിക്കുക. ഗ്രാമീണ കലാകാരൻമാരുടെ കലാനൈപുണിയെ ഉയർത്തിക്കൊണ്ട് അവരെ ശാക്തീകരിക്കുക. കലാപ്രദർശനങ്ങൾ നടത്തുക. ഇടനിലക്കാർ ഇല്ലാതെ കലാകാരൻമാരെ കമ്പോളവുമായി നേരിട്ട് ബന്ധിപ്പിക്കുക. ഇതുവഴി സ്ഥായിയായ ജീവിതോപാധി സൃഷ്ടിക്കുക. തുടങ്ങിയവ.”കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പ് നടത്തുന്ന മേൽപ്പറഞ്ഞ ഒരു പ്രോജക്ടിനു വേണ്ടി മാത്രമാണ് ഇളവ്.ഇതിനുള്ള യോഗ്യത ഊരാളുങ്കലിന് എന്താണെന്നും ചിലർ സംശയിച്ചേയ്ക്കാം. അവരോട് എനിക്ക് പറയാനുള്ളത് – ഊരാളുങ്കൽ വടകരയിൽ നടത്തുന്ന സർഗ്ഗാലയ ക്രാഫ്റ്റ് വില്ലേജ് ഒന്നു പോയി കാണുക. അല്ലെങ്കിൽ തിരുവനന്തപുരത്ത് വെള്ളാറിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ക്രാഫ്റ്റ് വില്ലേജ് കാണുക.

6) ഇനി റൂളിംഗ് മറിച്ചായിരുന്നു എന്നിരിക്കട്ടെ കേരള സർക്കാരിന് ഊരാളുങ്കൽ നൽകുന്ന സേവനങ്ങൾക്ക് ജി.എസ്.ടി ചേർത്ത് പ്രതിഫലം നൽകേണ്ടി വന്നേനെ. അതിന്റെ പകുതി കേന്ദ്രത്തിനുകൂടി പോയേനേ.

7) ഊരാളുങ്കൽ സൊസൈറ്റിക്കു മാത്രമല്ല, മറ്റു ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്കും “ടെണ്ടറുകളിൽ ഇളവുണ്ടെന്നകാര്യം” വിസ്മരിക്കരുത്. ഇന്നു മാത്രമല്ല, യുഡിഎഫിന്റെ കാലത്തും ഉണ്ടായിരുന്നു.8) ഊരാളുങ്കൽ സൊസൈറ്റിക്ക് കൊമ്പുണ്ടോ എന്ന ചോദ്യം ഞെട്ടിപ്പിക്കാൻ ഉദ്ദേശിച്ചിട്ടാവും. ഏതായാലും കേരളത്തിലെ ഏറ്റവും നല്ല സഹകരണ സംഘങ്ങളിൽ ഒന്നാണ് ഊരാളുങ്കൽ. സതീശന് സംശയമുണ്ടെങ്കിൽ ഞാനും മിഷേൽ വില്യംസ് ചേർന്ന് എഴുതിയ പുസ്തകം (Building Alternative The Story of India`s Oldest Construction Workers` Cooperative, Left Word Books) വായിച്ചാൽ ബോധ്യപ്പെടും. ഒരുകാര്യംകൂടി പറയട്ടെ മറ്റ് എല്ലാ അക്രെഡിറ്റഡ് ഏജൻസികൾക്കും എടുക്കാവുന്ന കോൺട്രാക്ടിന്റെ അടങ്കലിൽ വർദ്ധന ഈ സർക്കാർ വരുത്തിയിട്ടുണ്ട്. ഈ വർദ്ധന ഊരാളുങ്കലിനും കിട്ടിയിട്ടുണ്ട്. ഇതൊഴിച്ചാൽ ഊരാളുങ്കലിന് നൽകുന്ന എല്ലാ പ്രത്യേക ആനുകൂല്യങ്ങളും യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇറങ്ങിയിട്ടുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ്.ഇത്ര സ്പഷ്ടമായൊരു കാര്യത്തിൽ, 2019 മാർച്ച് മാസത്തിൽ ഇറങ്ങിയ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു വിവാദം സൃഷ്ടിക്കുന്നതെന്ന് സതീശൻ തന്നെ വിശദീകരിക്കണം എന്നാണ് ധനമന്ത്രി പറയുന്നത്.