ഊരാളുങ്കൽ സൊസൈറ്റിക്ക് നികുതിയിളവ് കൊടുത്ത വിവാദ വിഷയത്തിൽ സതീശന്റെ ആരോപണങ്ങൾക്ക് ധനമന്ത്രി തോമസ് ഐസക് കൊടുത്ത മറുപടിയിലെ പൊള്ളത്തരം തുറന്നുകാട്ടാൻ സതീശൻ വീണ്ടുമെത്തി .

  • ഊരാളുങ്കലിന് നികുതി ഒഴിവാക്കി കൊടുത്ത ഉത്തരവ് ഇട്ടത് സർക്കാരല്ല. അഡ്വാൻസിംഗ് റൂൾ അതോറിറ്റിയാണ്. വേണമെങ്കിൽ ജി എസ് ടി കൗൺസിലിന് പരാതി കൊടുക്കാം.
  • സംസ്ക്കാരിക പ്രവർത്തനം നടത്തിയതിനാണ് നികുതി ഒഴിവാക്കിയത്. ഈ നികുതി ബാധകമല്ല. വേണമെങ്കിൽ അവരുണ്ടാക്കിയ ക്രാഫ്റ്റ് വില്ലേജ് പോയി നോക്കൂ.!!
  • അവർ നടത്തുന്ന പ്രവർത്തനം pure service ആണ്. ഊരാളുങ്കൽ ഭയങ്കര സംഭവമാണ്. യു ഡി എഫ് കാലത്തും അവർക്ക് അനുകൂലമായ ഉത്തരവുകൾ കൊടുത്തിട്ടുണ്ട്.
  • ഈ നികുതി കിട്ടിയാലും പകുതി കേന്ദ്രത്തിന് കൊടുക്കണം. ഇതൊക്കെയാണ് ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ വാദങ്ങൾ.
    തോമസ് ഐസക്കിന്റെ വാദങ്ങൾക്ക് സതീശൻ വീണ്ടും വ്യക്തമായ മറുപടി നൽകിയിരിക്കയാണ്.
  • അഡ്വാൻസിംഗ് റൂൾ അതോറിറ്റി ഊരാളുങ്കലിന് നികുതി ഇല്ലാതാക്കണം എന്നാവശ്യപ്പെട്ടപ്പോൾ സർക്കാർ എടുത്ത നിലപാടെന്താണ്? അതോറിറ്റിയിലെ രണ്ടംഗങ്ങളിൽ ഒരാൾ സംസ്ഥാന ജി എസ് ടി യുടെ ജോയിന്റ് കമീഷണറല്ലേ? എന്നോട് അപ്പീൽ പോകാനാണ് മന്ത്രി ഉപദേശിക്കുന്നത്. സർക്കാരിനുണ്ടായ ധനനഷ്ടത്തിന് ഞാനാണോ അപ്പീൽ പോകേണ്ടത്? ഖജനാവ് സൂക്ഷിക്കാൻ ജനങ്ങൾ അങ്ങയെ അല്ലെ ഏൽപ്പിച്ചിരിക്കുന്നത്?
  • അവർ എന്ത് സംസ്ക്കാരിക പ്രവർത്തനമാണ് പ്രതിഫലമില്ലാതെ നടത്തിയത്. സർക്കാർ കൊടുത്ത പണമുപയോഗിച്ചല്ലേ അവർ ആ ജോലി ചെയ്തത്? ക്രാഫ്റ്റ് വില്ലേജ് ഉണ്ടാക്കാൻ 16 കോടി സർക്കാർ കൊടുത്തില്ലേ? ഇതെന്ത് pure service ആണ്. ?
    ഇതിൽ തന്നെ 18 ശതമാനം നികുതിയാകുമ്പോൾ എത്ര തുകയായി? ഇനിയും കോടിക്കണക്കിനു രൂപയുടെ പദ്ധതികൾ വേറെയില്ലേ? പ്രതിഫലം നൽകാതെ ചെയ്യുന്നതിനാണ് സർവ്വീസ് എന്ന് പറയുന്നത്.
  • മന്ത്രിയുടെ പോസ്റ്റിൽ തന്നെ പറയുന്നുണ്ട് ഇത്തരം നികുതിയിളവ് നൽകേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കുമാണെന്ന്. ഭരണഘടനയുടെ 243 (G), (W) വകുപ്പുകളും കേന്ദ്രസർക്കാരിന്റെ നോട്ടിഫിക്കേഷനും അത് തന്നെയാണ് പറയുന്നത്. എന്ന് മുതലാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് നിങ്ങൾ പഞ്ചായത്തിന്റെ യും മുനിസിപ്പാലിറ്റിയുടെയും പദവി കൊടുത്തത്?
  • 2019 മാർച്ചിലെ ഉത്തരവ് വിവാദമാക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിക്കുന്നു. അടുത്ത ദിവസങ്ങളിലാണ് ഇത് സൈറ്റിൽ കണ്ടത്. വൈകിയെങ്കിലും ഒരു അനീതിയും സ്വജന പക്ഷപാതവും അറിയുമ്പോൾ അത് ശ്രദ്ധയിൽ പെടുത്തണ്ടെ? യു ഡി എഫ് കാലത്ത് ഊരാളുങ്കലിന് വഴിവിട്ട് വല്ലതും ചെയ്തിട്ടുണ്ടങ്കിൽ അതും അന്വേഷണ വിഷയമാക്കണമെന്നാണ് എന്റെ അഭിപ്രായം എന്നും സതീശൻ പറയുന്നുണ്ട്.
  • നികുതി ലഭിച്ചാലും സംസ്ഥാനത്തിന് പകുതിയെ കിട്ടുകയുള്ളൂ , പകുതി കേന്ദ്രത്തിന് പോകും എന്നാണ് അങ്ങ് പറയുന്നത്. ഒരു ധനമന്ത്രിയെന്ന നിലയിൽ അങ്ങേക്ക് പറയാൻ കൊള്ളാവുന്ന ഒരു കാര്യമാണോ ഇത്? ഏതോ വിദേശ രാജ്യത്തേക്ക് നികുതി പോകും എന്ന് പറയുന്ന പോലെ !! അങ്ങോടു പോകുന്ന നികുതിയും പല പദ്ധതികളായി സംസ്ഥാനത്തേക്ക് വരില്ലേ?
    അങ്ങ് സംസ്ഥാനത്തിന്റെ ധനമന്ത്രിയാണ്. നികുതി ചോർച്ച ഉണ്ടാക്കുന്ന നടപടികൾക്ക് കൂട്ടുനിൽക്കരുത്. ആരു പറഞ്ഞാലും.