നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റതോടെ ആകെ ഒന്ന് പാളിയെങ്കിലും
തിരിച്ചുവരവിന്റെ സൂചനകൾ നൽകുന്ന നേതൃമാറ്റമാണ് കോൺഗ്രസ്സ് പ്രതിപക്ഷ നേതാവിന്റെ നിയമനത്തിലൂടെ നടത്തിയിരിക്കുന്നത്. മികച്ച സാമാജികൻ എന്ന് പേരെടുത്ത വി ഡി സതീശനെയാണ് കോൺഗ്രസ് പ്രതിപക്ഷ നേതാവായി നിയമിച്ചിരിക്കുന്നത് . ഇരുപതു വർഷമായി അദ്ദേഹം പറവൂരിനെ പ്രതിനിധീകരിക്കുന്നു .
രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും എതിർപ്പുകൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി വി ഡി സതീശനെ പ്രതിപക്ഷ നേതാവായി നിയമിച്ചിരിക്കുന്നത് .പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരട്ടെ എന്ന നിലപാട് സ്വീകരിച്ച ഉമ്മൻചാണ്ടിക്ക് അതിന്റെ പേരിൽ സ്വന്തം ഗ്രൂപ്പിൽ നിന്നും ശക്തമായ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു .രമേശ് നേതൃത്വം നൽകി വന്നിരുന്ന ഐ ഗ്രൂപ്പിലെ ഭൂരിഭാഗം നേതാക്കളും രമേശിനെതിരെ നിലപാടെടുത്തു .
കെ പി സി സി അധ്യക്ഷനെയും ഉടനെ മാറ്റും എന്നാണ് ദില്ലിയിൽ നിന്നും ലഭിക്കുന്ന സൂചനകൾ .കെ സുധാകരൻ അല്ലെങ്കിൽ കെ മുരളീധരൻ എന്നിവരെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിക്കുന്നത് .കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത് കെ സുധാകരനാണ് . ഉമ്മൻചാണ്ടിയുടെ എ വിഭാഗം കെ സി ജോസഫിനെ അധ്യക്ഷനാക്കാൻ ശ്രമം തുടരുന്നുണ്ട് .