പുനർജനി പദ്ധതിയിൽ വിജിലൻസിന്റെ ത്വരിതാന്വേഷണത്തിന് സർക്കാർ സ്പീക്കറുടെ അനുമതി തേടിയതോടെ പദ്ധതിയെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് വി ഡി സതീശൻ .എൽ ഡി എഫ് നേതാക്കളെ വിമർശിച്ചതിനാലും അവരുടെ അഴിമതികൾ തുറന്നുകാട്ടിയതിന്റെയും വൈരാഗ്യമാണ് വിജിലൻസ് അന്വേഷണത്തിന് പിന്നിൽ എന്നും സതീശൻ ആരോപിക്കുന്നു .

  1. ഇത് സംബന്ധിച്ച ഒരു പരാതി സർക്കാർ അന്വേഷിച്ച് അടിസ്ഥാനരഹിതമെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞതാണ്. രണ്ടാമത് വീണ്ടും പരാതി വാങ്ങിയാണ് അന്വേഷണം.
  2. ഈ പദ്ധതിയിൽ ഇരുനൂറോളം വീടുകളാണ് നിർമിക്കുന്നത്. ഒരു രൂപയും ആരുടെയും കയ്യിൽ നിന്ന് വാങ്ങിയിട്ടില്ല. പിന്നെയല്ലേ വിദേശത്ത് പണപ്പിരിവ് നടത്തുന്നത്.
  3. പുനർജനിക്ക് ഒരു അക്കൗണ്ടില്ല. ആരുടെയും കയ്യിൽ നിന്നും പണം വാങ്ങില്ല. ഞങ്ങൾ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു നൽകും . സഹായിക്കുന്ന സംഘടനയോ വ്യക്തിയോ നേരിട്ടോ കരാറുകാർ വഴിയോ വീട് നിർമ്മിക്കും. കരാറുകാരെ വേണമെങ്കിൽ ലോക്കലായ ആളുകളെ ഞങ്ങൾ നൽകും. അവർക്ക് നേരിട്ട് ചെക്കുകൾ നൽകും. പേപ്പറുകളെല്ലാം പുനർജനി പ്രവർത്തകർ ശരിയാക്കും.
  4. മറ്റ് സഹായങ്ങൾ നൽകണമെങ്കിൽ ഗുണഭോക്താക്കളുടെ ലിസ്റ്റും അവരുടെ ഐഡി കാർഡിന്റെ കോപ്പിയും ബാങ്ക് അക്കൗണ്ട് നമ്പറും ഞങ്ങൾ നൽകും. ചെക്ക് നേരിട്ട് വന്ന് ഡോണർ നൽകും. തയ്യൽ മെഷീൻ ലാപ്ടോപ് കംപ്യൂട്ടർ തുടങ്ങിയ കാര്യങ്ങളും ഡോണർ നേരിട്ടു നൽകും.
    ഒരാളുടെ കയ്യിൽ നിന്നും പണം വാങ്ങാതെ പ്രളയദുരിത ബാധിതരെ കണ്ടെത്തി അവർക്ക് സഹായം നൽകാൻ കഴിവുള്ളവരെ കണ്ടെത്തി സഹായം നൽകുന്ന പദ്ധതിയാണ് പുനർജനി. സഹായം നൽകുന്നവർ നേരിട്ട് നൽകി സന്തോഷത്തോടെ മടങ്ങി പലപ്പോഴും വീണ്ടും തിരിച്ചെത്തി പിന്നെയും സഹായിച്ചു.
    “ഞാൻ ഈ സർക്കാരിനെയും സി പി എമ്മിനെയും ഇനിയും നിശിതമായി എതിർക്കും. എന്റെ വാക്കുകളുടെ ശക്തിയെ വിജിലൻസിനെ കാണിച്ച് ദുർബലപ്പെടുത്താമെന്ന് ആരും കരുതണ്ട.” എന്ന വി ഡിയുടെ വാക്കുകൾ പ്രതിരോധിക്കാനുറച്ചുള്ളതല്ല മറിച്ച് ആക്രമിക്കാനുള്ള സൂചനയാണ് നൽകുന്നത്.