ആലപ്പുഴ തീരദേശ ജനതയോടൊപ്പം ചേര്‍ന്ന് പാരിസ്ഥിതിക പ്രശ്‌നങ്ങളുയര്‍ത്തി കരിമണല്‍ ഖനനത്തിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായ ജനകീയസമരത്തില്‍ പങ്കെടുത്ത സി.പി.എം. നേതൃത്വത്തിന്റെ അപചയവും അവസരവാദവും വ്യക്തമാക്കുന്നതാണ് ബഹു.വ്യവസായമന്ത്രിയുടെ പ്രസ്താവന. 2003-ല്‍ ഒന്നിച്ചു സമരംചെയ്ത ജനങ്ങളെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍പറഞ്ഞ് ഇപ്പോള്‍ ആക്ഷേപിക്കുന്ന മന്ത്രിയും കൂട്ടരും നടത്തുന്നത് കടുത്ത ജനവഞ്ചനയാണ്. സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ സംയുക്ത മേഖലയിലോ ആലപ്പുഴതീരത്ത് കരിണല്‍ ഖനനം പാടില്ലെന്ന ശക്തമായ നിലപാടാണ് നേരത്തേമുതല്‍ തീരദേശജനത സ്വീകരിച്ചതും അതിനുവേണ്ടി ആലപ്പുഴമുതല്‍ വലീയഴിക്കല്‍ വരെയുള്ള തീരത്ത് പതിനായിരങ്ങള്‍ പങ്കെടുത്ത ‘മനുഷ്യക്കോട്ടയില്‍’ അണിചേര്‍ന്നതും. അതേ ജനങ്ങള്‍തന്നെയാണ് തീരദേശത്തെ നാശത്തിലേയ്ക്ക് തള്ളിവിടുന്ന തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിനെതിരെ ഇപ്പോള്‍ സമരം ചെയ്യുന്നത്. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള കക്ഷിരാഷ്ട്രീയത്തിനതീതമായ സമരത്തില്‍ ജനങ്ങളെല്ലാം ഒറ്റക്കെട്ടായിട്ടാണ് പങ്കെടുക്കുന്നത്. എക്കാലത്തും ഒരേനിലപാട് സ്വീകിരിച്ചുവരുന്ന സി.പി.ഐ. നിശ്ചയദാര്‍ഢ്യത്തോടെ ജനങ്ങളോടൊപ്പം നില്‍ക്കുകയാണ്.


തോട്ടപ്പള്ളിയെ കരിമണൽ ഖനന മേഖലയാക്കുന്നതിതിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും ഖനന പ്രദേശം സന്ദർശിക്കുന്നതിനുമായി വി എം സുധീരൻ ,ഡി സി സി പ്രസിഡണ്ട് എം ലിജു എന്നിവർ എത്തിയപ്പോൾ.

പ്രതിപക്ഷത്തിരുന്നപ്പോള്‍ കരിമണല്‍ ഖനനത്തെ എതിര്‍ക്കുകയും അധികാരത്തില്‍വന്നപ്പോള്‍ അതിന്റെ വക്താക്കളായി മാറുകയും ചെയ്യുന്ന സി.പി.എം. നേതൃത്വത്തിന്റെയും ബഹു.വ്യവസായമന്ത്രിയുടെയും ഇപ്പോഴത്തെ നയവും നടപടികളും സ്വന്തം അണികള്‍പോലും ഉള്‍ക്കൊള്ളുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കുട്ടനാട്ടില്‍ പ്രളയം ഒഴിവാക്കുന്നതിന് ആധികാരികമായി നിര്‍ദ്ദേശിക്കപ്പെട്ട നടപടികളൊന്നും യഥാസമയം സ്വീകരിക്കാതെ കുട്ടനാടിന്റെ പേരു പറഞ്ഞ് തോട്ടപ്പള്ളിയെ കരിമണല്‍ ഖനന മേഖലയാക്കിയ സര്‍ക്കാരിന്റെ കള്ളക്കളികള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. സത്യവിരുദ്ധമായ കാര്യങ്ങള്‍ ആവര്‍ത്തിച്ചുപറഞ്ഞാല്‍ അതെല്ലാം ജനങ്ങള്‍ വിശ്വസിക്കുമെന്ന് ബഹു.വ്യവസായമന്ത്രി ധരിക്കരുത്. അതുകൊണ്ട് നിലനില്‍പ്പിനായി സമരം ചെയ്യുന്ന തോട്ടപ്പള്ളിയിലെ ജനങ്ങളെ നിരന്തരം അപമാനിക്കുന്നതില്‍ നിന്നും ബഹു.വ്യവസായമന്ത്രി ഇനിയെങ്കിലും പിന്തിരിയണം; അവരോട് മാപ്പുപറയുകയുംവേണം. ജനദ്രോഹം നടത്തിയേ അടങ്ങൂ എന്നപിടിവാശി ഉപേക്ഷിച്ച് തോട്ടപ്പള്ളിയിലെ കരിമണല്‍ഖനനം എന്നെന്നേയ്ക്കുമായി സര്‍ക്കാര്‍ അവസാനിപ്പിക്കണം.