തിരുവനന്തപുരം: കോവിഡ് പ്രതിരോധം. പിണറായി സർക്കാർ കെട്ടിപ്പൊക്കിയ നുണക്കഥകളുടെ ചീട്ട് കൊട്ടാരം തകരുമ്പോൾ കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണമായും പരാജയപ്പെട്ടിരിക്കുന്നു. ഇതര സംസ്ഥാനങ്ങളിലെല്ലാം കേസുകൾ അനുദിനം കുറയുമ്പോൾ കേരളത്തിൽ കോവിഡ് രോഗികൾ കൂടിവരികയാണ്.രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി.കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ചുവെന്ന അവകാശവാദവുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ് സ്ഥിതി വഷളാക്കിയത്. സ്ഥിതി നിയന്ത്രണാതീതമായതിന്‍റെ ഉത്തരവാദിത്തം ഇരുവർക്കുമാണ്. ഇന്നലെ മാത്രം 6004 പുതിയ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്താകെ കഴിഞ്ഞ ദിവസം 15, 968 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . കേരളത്തില്‍ 65,373 പേരാണ് ചികില്‍സയിലുള്ളത്. ഇന്ത്യയിലൊട്ടാകെ 2,14,507 ആളുകളാണ് ചികിത്സയിലുള്ളതെന്നും ഇതോടൊപ്പം ചേർത്ത് വായിക്കണം.സംസ്ഥാനത്തെ 5 ജില്ലകളിൽ അതിരൂക്ഷമാണ് സ്ഥിതി. എറണാകുളം ജില്ലയില്‍ 800മുതല്‍ 1000 വരെ പുതിയ കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരത്ത് കേസ് ഫെര്‍ട്ടാലിറ്റി റേറ്റ് 0.8% ആണ്. ഇത് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. മഹാമാരിയെ ആദ്യഘട്ടത്തില്‍ തന്നെ നിലംപരിശാക്കിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ അവകാശവാദം. ഇതൊരു മാരത്തണിന്‍റെ തുടക്കം മാത്രമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അമിത ആത്മവിശ്വാസം നല്‍കരുതെന്നും പറഞ്ഞ ഞാനടക്കമുള്ളവരെ കടന്നാക്രമിക്കുകയായിരുന്നു മുഖ്യമന്ത്രിയും സിപിഎമ്മും. കേരളം കൊവിഡിനെ തോൽപ്പിച്ചെന്ന കഥ പ്രചാരവേലക്കാരെ വച്ച് ലോകമെങ്ങും എഴുതിച്ചു. പ്രമുഖ ദിനപ്പത്രങ്ങളടക്കം ആരോഗ്യമന്ത്രിയുടെ അദ്ഭുതസിദ്ധിയെ പുകഴ്ത്തി മുഖപ്രസംഗങ്ങളെഴുതുകയും ചെയ്തു.എന്നാൽ ഇപ്പോൾ ഇവരെല്ലാം മൗനത്തിലാണ്. പ്രതിരോധത്തിൽ കേരളം ഒന്നാമതാണെന്ന് ഏത് സൂചികവെച്ചാണ് ആവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കണം. പരിശോധന കുറച്ചതാണ് കോവിഡ് പ്രതിരോധത്തിലുണ്ടായ പ്രധാന പാളിച്ചയെന്ന് വ്യക്തമായിട്ടും അതിൽ മാറ്റം വരുത്താൻ തയ്യാറാകാതെ പരിശോധന കൂട്ടണമെന്ന് ആവശ്യപ്പെട്ടവരെയെല്ലാം അധിക്ഷേപിച്ചു. ഞങ്ങളുടേത് ട്രെയ്‌സ്, ടെസ്റ്റ്, ട്രീറ്റ് രീതിയാണെന്നായിരുന്നു വാദം . മഹാമാരിയിൽ സമ്പർക്കപട്ടിക തയ്യാറാക്കുന്നതിൽ പരിധി ഉണ്ടെന്ന് പറഞ്ഞതും അംഗീകരിച്ചില്ല. നിലവിൽ രോഗം വ്യാപിച്ചവരുടെ സമ്പർക്കം മുഴുവൻ കണ്ടെത്താൻ പോലും കഴിയാത്ത അവസ്ഥയായി.

ഹോം ക്വാറന്‍റീൻ പരാജയമാകുമെന്ന് പറഞ്ഞതും അഗീകരിച്ചില്ല. പ്രവാസികള്‍ക്കായുള്ള രണ്ടര ലക്ഷം കിടക്ക വാഗ്ദാനം ജലരേഖയായത് നമ്മൾ കണ്ടതാണ്. ചികിൽസ സൗജന്യമാണെന്ന് പറയുമ്പോഴും എത്ര രോഗികൾക്ക് സർക്കാർ ആശുപത്രികളിലെ സൗജന്യം കിട്ടുന്നുണ്ട് ?സ്വകാര്യ മേഖലയിലെ ചിലവ്, RT PCR അടക്കം എത്രയാണെന്ന് സർക്കാർ വ്യക്തമാക്കണം. ഇതിന് പുറമെ സിനിമ തിയറ്ററുകൾ തുറന്ന് വീണ്ടും രോഗവ്യാപന സാധ്യത കൂട്ടിയിരിക്കുന്നു.മരണസംഖ്യ പിടിച്ചു നിര്‍ത്തിയെന്നാണ് ഒടുവിലത്തെ അവകാശവാദം. ശരിയായ മരണക്കണക്ക് പുറത്തുവിടാന്‍ സർക്കാർ തയാറാകുമോ ? ഐസിഎംആറും ലോകാരോഗ്യസംഘടനയും നല്‍കിയ മാര്‍ഗനിര്‍ദേശങ്ങൾ അട്ടിമറിച്ചാണ് മരണക്കണക്ക് സംസ്ഥാനത്ത് കുറച്ചുകാണിക്കുന്നത്.കാന്‍സറോ മറ്റ് മാരകരോഗങ്ങളോ ഉള്ളവർ കോവിഡ് ബാധിച്ച് മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാക്കണമെന്നാണ് മാര്‍ഗനിര്‍ദേശം. അത് കേരളത്തിൽ പാലിക്കപ്പെടുന്നില്ല. ഓഗസ്റ്റ് വരെ കോവിഡ് പോസിറ്റീവായ മരണങ്ങളില്‍ ഏതാണ്ട് 40 ശതമാനവും കോവിഡ് മരണങ്ങളായി കണക്കാക്കിയില്ല. മരണശേഷം സ്രവമെടുത്ത് നെഗറ്റീവാക്കുന്നത് കേരളത്തിൽ മാത്രമുള്ള പ്രോട്ടോക്കോളാണ്.

കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിലെ വിജയത്തിന്‍റെ ക്രെഡിറ്റ് സര്‍ക്കാരിനായിരുന്നെങ്കിൽ ഇപ്പോൾ നേരിടുന്ന പരാജയത്തിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് മുഖ്യമന്ത്രി പറയണം. അദ്ദേഹത്തിനാണോ, അതോ ആരോഗ്യമന്ത്രിക്കാണോ.? ഫാഷന്‍ മാഗസിനുകളുടെ മുഖചിത്രമാവുന്ന തിരക്കിൽ ആരോഗ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേ.?

രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിൽ തെല്ലും ആശങ്കയില്ലെന്നാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി പറയുന്നത്. വ്യാപനം വൈകിപ്പിക്കാനായെന്നാണ് മന്ത്രിയുടെ വാദം. ലോകം, പുതുവര്‍ഷത്തിൽ രോഗത്തെ നിയന്ത്രിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുമ്പോൾ, വിനോദസ‍ഞ്ചാരമടക്കം പുനസ്ഥാപിക്കാൻ ശ്രമിക്കുമ്പോള്‍ കേരളം രോഗകേന്ദ്രമായി മാറുന്നത് അഭിമാനമാണെന്ന് പറയാന്‍ കെ.കെ.ശൈലജയ്ക്കേ കഴിയൂ. പ്രചാരവേലക്കാര്‍ പറഞ്ഞുകൊടുത്തത് ഏറ്റുപാടും മുൻപ് നാടു ഭരിക്കുന്ന വ്യക്തി അതിന്‍റെ വരുംവരായ്മകളെക്കുറിച്ച് ചിന്തിക്കണം. ഈ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് പിണറായി വിജയൻ വ്യക്തമാക്കണം എന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു.