തമിഴ് പ്രേക്ഷകര്‍ പ്രത്യേകിച്ച് വിജയ് ആരാധകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇളയദളപതി വിജയ് നായകനായെത്തുന്ന മാസ്റ്റര്‍. ചിത്രം റിലീസ് ചെയ്യാനായി തയ്യാറെടുക്കുമ്പോഴാണ്, കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇതോടെ ചിത്രം റിലീസിങ് മാറ്റി വയ്ക്കുകയായിരുന്നു. ഇപ്പോഴിതാ ദീപാവലി ആഘോഷത്തിന്റെ മാറ്റ് കൂട്ടുവാന്‍ മാസ്റ്ററിന്റെ അണിയറ പ്രവര്‍ത്തകര്‍ ദീപാവലി ദിനമായ നവംബര്‍ 14-ന് വൈകിട്ട് 6 മണിക്ക് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു . തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയ കൈദിക്ക് ശേഷം സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന ഈ ചിത്രം തമിഴ്‌നാട്ടില്‍ തിയേറ്ററുകള്‍ തുറന്നതിനാല്‍ തന്നെ ഉടനെ റിലീസിന് എത്തുമെന്നാണ് കരുതുന്നത്. മാളവിക മോഹന്‍, അര്‍ജുന്‍ദാസ്, ആന്‍ഡ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. അനിരുദ്ധ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നു. മക്കള്‍ തിലകം വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ചേരുമ്പോള്‍ ചിത്രം മാസ് ആയിരിക്കുമെന്ന പ്രതീക്ഷ ജനിപ്പിക്കുന്നു .