രാഷ്ട്രത്തിൻറെ പൊതുസമ്പത്ത് വിറ്റു തുലയ്ക്കുന്നതിന് അതീവ വ്യഗ്രതയോടെ വെമ്പൽ കൊള്ളുന്ന നരേന്ദ്ര മോഡി ഭരണകൂടം ഇന്ത്യൻ റെയിൽവേയെ തന്നെ സ്വകാര്യവൽക്കരിക്കാനുള്ള നടപടികളുമായി അതിവേഗം മുന്നോട്ടു പോവുന്ന ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത് എന്ന് വി എം സുധീരൻ കുറ്റപ്പെടുത്തി.
ദേശീയോദ്ഗ്രഥനത്തിൻ്റെ പ്രതീകമാണ് ഇന്ത്യൻ റെയിൽവേ.
രാജ്യത്തെ ജനജീവിതത്തിൽ നിർണായക പങ്കുവഹിക്കുന്ന റെയിൽവേയുടെ പ്രാധാന്യം കണക്കിലെടുത്താണ് പ്രത്യേക ബജറ്റ് തന്നെ റെയിൽവേയ്ക്ക് വേണ്ടി നേരത്തെ ഉണ്ടായിരുന്നത്. അതൊക്കെ ഇല്ലാതാക്കിയത് ഈ ലക്ഷ്യത്തെ മുൻനിർത്തിയായിരുന്നു.
ഇപ്പോഴാകട്ടെ റെയിൽവേ ബോർഡ് അഴിച്ചു പണിതും നിർമ്മാണ ഫാക്ടറികൾ ഒറ്റ കമ്പനിയാക്കിയും ഓഹരി വിൽപ്പന തുടങ്ങിയും റെയിൽവേ ഭൂമി ദീർഘകാല അടിസ്ഥാനത്തിൽ പാട്ടത്തിനു നൽകിയും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും തൊഴിലവസരങ്ങൾ ഇല്ലാതാക്കിയും തീവണ്ടി സ്റ്റോപ്പുകൾ വ്യാപകമായി ഒഴിവാക്കിയും റൂട്ടുകളും സ്റ്റേഷനുകളും സ്വകാര്യ ഗ്രൂപ്പുകൾക്ക് വിട്ടുകൊടുത്തും സ്വകാര്യവൽക്കരണ പ്രക്രിയ മുന്നോട്ടു നീക്കുകയാണ്.
വിമാനത്താവളങ്ങൾ, എൽ ഐ സി, എൻ റ്റി സി, ഐ ഡി ബി ഐ ബാങ്ക്, ഭാരത് പെട്രോളിയം ലിമിറ്റഡ്, ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്നർ കോർപ്പറേഷൻ തുടങ്ങിയ രാജ്യത്തിൻറെ അഭിമാനസ്തംഭങ്ങൾ വിറ്റഴിക്കാനുള്ള നടപടികളുടെ തുടർച്ചയാണ് റെയിൽവേ സ്വകാര്യവൽക്കരണം.
ഇതൊക്കെ സ്വകാര്യവൽക്കരിച്ചാലേ നേരാം വിധം നടത്താനാവൂ എന്ന് കരുതുന്ന ഭരണാധികാരികൾ ഭരണരംഗത്തെ തങ്ങളുടെ കഴിവില്ലായ്മയും പരാജയവും ആണ് ഇതെല്ലാം സ്വകാര്യ താൽപര്യങ്ങൾക്ക് കൈമാറുന്നതിലൂടെ തെളിയിക്കുന്നത്.
നേരെ ചൊവ്വെ ഭരിക്കാനാവുന്നില്ലെങ്കിൽ രാജി വെച്ച് പുറത്തു പോവുകയാണ് വേണ്ടത്. അതല്ലാതെ രാജ്യത്തെ സർവ്വ തലത്തിലും വിറ്റ് മുടിച്ചു നശിപ്പിക്കുകയല്ല വേണ്ടത്.
9 ലക്ഷം കോടിയാണ് ബിപിസിഎല്ലി ൻ്റെ ആസ്തി. ഇത് കേവലം 65000 -70000 കോടി രൂപയ്ക്ക് സ്വകാര്യ ഗ്രൂപ്പിന് കൈമാറാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.
മുപ്പതിനായിരം കോടി രൂപയുടെ ആസ്തിയുള്ളതും ലാഭകരമായി പ്രവർത്തിക്കുന്നതുമായ തിരുവനന്തപുരം വിമാനത്താവളം ഫലപ്രദമായ യാതൊരു നിബന്ധനകളുമില്ലാതെ അദാനിക്ക് കൈമാറാൻ വെമ്പൽ കൊള്ളുന്ന അതേ സമീപനം തന്നെയാണ് എല്ലാകാര്യങ്ങളിലും കേന്ദ്രസർക്കാർ വച്ചുപുലർത്തുന്നത്.
ഈ സ്വകാര്യ കുത്തകകളിൽ പലരുമാകട്ടെ ബാങ്ക് തട്ടിപ്പുകളിൽ ഏർപ്പെട്ട് മുങ്ങിയിരിക്കുന്ന പശ്ചാത്തലമാണുള്ളത്.
ഏതുസമയത്തും തകർന്നു വീഴാവുന്ന നിലയിലുള്ള, വിശ്വാസ്യത നഷ്ടപ്പെട്ട കോർപ്പറേറ്റുകൾക്ക് രാജ്യത്തിൻറെ പൊതുസമ്പത്ത് കൈമാറുന്നത് തികഞ്ഞ രാജ്യ ദ്രോഹം തന്നെയാണ്.
കോർപ്പറേറ്റ് ഗ്രൂപ്പുകൾക്ക് കൂടുതൽ ശക്തി പകരുന്നതും സാധാരണക്കാരെ സാമ്പത്തിക ദുരിതങ്ങളിലേക്ക് തള്ളിവിടുന്നതുമായ സർവ്വതും സ്വകാര്യവൽക്കരിക്കുന്ന മോദി സർക്കാരിൻറെ ജനദ്രോഹ നയത്തിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയർന്നു വരേണ്ടിയിരിക്കുന്നു.
യു പി എ സർക്കാരിൻറെ കാലത്തും പൊതുമേഖല വിറ്റഴിക്കുന്ന തെറ്റായ നടപടിക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി ഐ എൻ ടി യു സി ദേശീയ വ്യാപകമായി സമരങ്ങൾ തുടർച്ചയായി നടത്തിയതും അതിൽ പങ്കാളിയാകാൻ സാധിച്ചതും ഇത്തരുണത്തിൽ ഓർക്കുന്നു.
രാജ്യത്തിൻറെ പൊതുസമ്പത്ത് വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാരിൻറെ തെറ്റായ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ കോൺഗ്രസിനേ കഴിയു. അതിനാവശ്യമായ തിരുത്തലുകൾ കോൺഗ്രസിൻറെ നയസമീപനങ്ങളിലും ഉണ്ടാകണം. ആത്മ പരിശോധനയിലൂടെ പാളിച്ചകൾ കണ്ടറിഞ്ഞ് സ്വയം തിരുത്തലിലൂടെ ജവഹർലാൽ നെഹ്റുവിൻ്റെയും ഇന്ദിരാഗാന്ധിയുടെയും സാമ്പത്തിക നയങ്ങളിലേക്ക് മടങ്ങിപ്പോകണം. എങ്കിൽ മാത്രമേ മോദി ഭരണകൂടത്തിൻ്റെ വിനാശകരമായ പൊതുസ്വത്ത് വിൽപ്പനയെ ഫലപ്രദമായി ചെറുക്കാനാവു. അതിനെല്ലാം സാധിക്കുന്ന സാഹചര്യം ആസന്ന ഭാവിയിൽ തന്നെ ഉയർന്നു വരട്ടെ എന്ന പ്രത്യാശയും സുധീരൻ പങ്കുവച്ചു.