30,000 കോടി രൂപയിലധികം ആസ്തിയുള്ള തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളം അദാനി ഗ്രൂപ്പിന് തീറെഴുതപ്പെട്ടിരിക്കുകയാണ്. തികച്ചും ലാഭകരമായി പ്രവർത്തിക്കുന്നതാണ് ഈ വിമാനത്താവളം. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മെച്ചപ്പെട്ട നിലയിൽ മുന്നേറിയിട്ടുള്ള തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് ചുളുവിൽ ഏൽപ്പിച്ചു കൊടുക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്. തെറ്റായ ഈ തീരുമാനം ഉടനടി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം.
പാസഞ്ചർ, എയർപോർട്ട് സൗകര്യങ്ങൾ നൽകുന്നതിൽ ഏഷ്യാ-പസഫിക് റീജിയണിൽ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള 2019-20 ലെ അവാർഡ് ലഭിച്ച വിമാനത്താവളമാണ് തിരുവനന്തപുരം എന്നത് ശ്രദ്ധേയമാണ്.
എയർപോർട്ട് അതോറിറ്റി നിയമത്തിലെ വ്യവസ്ഥകളും, ഡൽഹി വിമാനത്താവളം സ്വകാര്യവൽക്കരിക്കുക വഴി രാഷ്ട്രത്തിന് വന്നിട്ടുള്ള വൻ നഷ്ടം ചൂണ്ടിക്കാണിക്കുന്ന സിഎജി റിപ്പോർട്ടും, ബോംബെ എയർപോർട്ടുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള അഴിമതി ആരോപണങ്ങളും സ്വകാര്യവൽക്കരണത്തിൻ്റെ ദോഷവശങ്ങൾ ചൂണ്ടി കാണിച്ചിട്ടുള്ള പാർലമെൻ്ററി റിപ്പോർട്ടുകളും കേന്ദ്രധനകാര്യ വകുപ്പിൻ്റെയും നീതി ആയോഗിൻ്റെയും വിയോജിപ്പുകളും അനുബന്ധമായ മറ്റു പ്രശ്നങ്ങളും പാടെ അവഗണിച്ചുകൊണ്ടാണ് ദുരൂഹതകൾ ഉയർത്തിയ കേന്ദ്ര സർക്കാരിൻ്റെ ഈ ദുർനടപടി.
രാഷ്ട്രത്തിൻ്റെ പൊതുസമ്പത്ത് വിറ്റു തുലയ്ക്കുന്നതിന് അതീവ വ്യഗ്രതയോടെ വെമ്പൽകൊള്ളുന്ന നരേന്ദ്രമോഡി ഭരണകൂടം വിമാനത്താവളങ്ങൾ, റെയിൽവേ, എൽ.ഐ.സി, ഐ.ഡി.ബി.ഐ ബാങ്ക്, ഭാരത് പെട്രോളിയം ലിമിറ്റഡ്, ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്നർ കോർപ്പറേഷൻ തുടങ്ങിയവയെല്ലാം സ്വകാര്യവൽക്കരിക്കാനുള്ള തീവ്രശ്രമത്തിലാണ്.
‘സ്വകാര്യവൽക്കരിച്ചാലേ വികസനം വരൂ‘ എന്ന തെറ്റായ പ്രചാരവേല നടത്തിയാണ് ഇതെല്ലാം ചെയ്യുന്നത്. വികസനം വരണമെങ്കിൽ സ്വകാര്യവൽക്കരണം വേണമെന്നു പറയുന്നത് എത്രയോ അർത്ഥശൂന്യമാണ് എന്ന് സുധീരൻ ചൂണ്ടിക്കാട്ടി.
ഏത് സമയത്തും തകർന്നു വീഴാവുന്ന നിലയിൽ വിശ്വാസ്യത നഷ്ടപ്പെട്ട കോർപ്പറേറ്റുകൾക്ക് രാജ്യത്തിൻ്റെ പൊതുസമ്പത്ത് കൈമാറുന്നത് തികഞ്ഞ രാജ്യദ്രോഹമാണ്. പാപ്പരായ അനിൽ അംബാനിയും ബാങ്ക് തട്ടിപ്പുകളിലൂടെ നിയമത്തിൻറെ മുന്നിലും ജനമനസ്സിലും പ്രതിക്കൂട്ടിലായ വിജയ് മല്യ, നീരവ് മോഡി തുടങ്ങിയവരുടെ നിരയും തെളിയിക്കുന്നത് കോർപ്പറേറ്റുകളുടെ നഷ്ടപ്പെട്ട വിശ്വാസ്യതയാണ്.
ഇതിനെല്ലാം പുറമേയാണ് ഇപ്പോൾ കാർഷിക മേഖലയിലേക്കു കൂടി കോർപ്പറേറ്റ് കടന്നുകയറ്റം ഉറപ്പുവരുത്തുന്നതിനുള്ള കർഷകമാരണ നിയമങ്ങൾ കൊണ്ടു വന്നിരിക്കുന്നത്.
കേന്ദ്രസർക്കാരിൻ്റെ ഇത്തരത്തിലുള്ള ജനവഞ്ചനയ്ക്കും രാജ്യദ്രോഹ നടപടികൾക്കുമെതിരെ ശക്തമായ പ്രതിഷേധം രാജ്യത്തുടനീളം കൂടുതൽ വിപുലമായ തലത്തിൽ ഉയർന്നു വരേണ്ടിയിരിക്കുന്നു.
അതിന് നാടിനോടും ജനങ്ങളോടും പ്രതിബദ്ധതയുള്ള മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പൊതുസമൂഹത്തിനും കഴിഞ്ഞേ മതിയാവൂ എന്നും സുധീരൻ ആവശ്യപ്പെട്ടു.