പാലത്തായി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചക്കേസിൽ നിലവിലെ അന്വേഷകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.കൂടാതെ കോടതി നിർദ്ദേശിച്ചിരിക്കുന്ന തുടരന്വേഷണം മികച്ച ഉദ്യോഗസ്ഥരെ കൊണ്ടു വേണം നടത്താൻ എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കേസ് നടത്തിപ്പിലെ അപാകത ആഭ്യന്തരവകുപ്പ് അന്വേഷിക്കണം എന്നും കത്തിലുണ്ട്.

വി എം സുധീരൻ കേരളമുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിന്റെ പൂർണ്ണരൂപം ചുവടെ.

പ്രിയപ്പെട്ട മുഖ്യമന്ത്രി,
പാനൂര്‍ പാലത്തായിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണം നടത്താന്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി ഉത്തരവിട്ടിരിക്കുകയാണല്ലോ. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വന്ന അപാകതയുടെ അടിസ്ഥാനത്തിലാണിത്.
ഈ കേസ്സന്വേഷണത്തില്‍ വീഴ്ച വരുത്തിയവരും മേല്‍നോട്ടത്തില്‍ പാളിച്ച വരുത്തിയവരുമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള അന്വേഷണ സംഘത്തെ പൂര്‍ണ്ണമായി മാറ്റി എ.ഡി.ജി.പി. റാങ്കിലുള്ള വനിതാപൊലീസ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ കാര്യക്ഷമതയുള്ളവരും സത്യസന്ധരുമായ പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു സ്‌പെഷ്യല്‍ ടീമിനെ നിയോഗിക്കണമെന്ന് താല്‍പര്യപ്പെടുന്നു.
ഈ കേസ്സ് അട്ടിമറിക്കുന്നതിന് പൊലീസിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവര്‍ മനപ്പൂര്‍വ്വം നടത്തിയ വീഴ്ചകളെക്കുറിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറിതലത്തിലുള്ള അന്വേഷണം നടത്തി ഉത്തരവാദികളായവരെ ഉചിതമായ ശിക്ഷാനടപടിക്ക് വിധേയരാക്കണം.
ഇരയ്ക്കും കുടുംബത്തിനും നീതി നല്‍കിയേ മതിയാകൂ. കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയും വേണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇനിയെങ്കിലും ഉപേക്ഷ ഉണ്ടാവരുത്.
സ്‌നേഹപൂര്‍വ്വം

       വി.എം.സുധീരന്‍
ശ്രീ പിണറായി വിജയന്‍
    ബഹു.കേരളാ മുഖ്യമന്ത്രി