ഭാഷാടിസ്ഥാനത്തിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ രൂപികരിക്കണമെന്ന് 1920 ലെ കോൺഗ്രസ് സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിൻ്റെ ഭാഗമായാണ് കേരളത്തിൽ ഒരു പൊതു രാഷ്ടീയ സംസ്കാരവും മുന്നേറ്റവും ഉണ്ടായതെന്ന് പ്രമുഖ ചരിത്രകാരനും മുൻ എം.എൽ.എയും മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്ന ഡോ: കെ മോഹൻകുമാർ. സർവോദയ വിചാർ മണ്ഡൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഗാന്ധിയും കേരള നവോത്ഥാനവും എന്ന വിഷയത്തിൽ ഉദ്ഘാടന പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കീഴാള ജനതയുടെ ഉന്നമനത്തിനും അഭിമാനബോധം വീണ്ടെടുക്കുന്നതിനും വേണ്ടി പോരാടിയ അയ്യങ്കാളിയെ വെങ്ങാനൂരിൽ ചെന്ന് കണ്ട ആദ്യ ദേശീയ നേതാവാണ് മഹാത്മാ ഗാന്ധി. അത് പോലെ തന്നെ ശ്രീ നാരായണ ഗുരുവുമായി ശിവഗിരിയിൽ വച്ച് നടത്തിയ സംഭാഷണം, ടി. കെ മാധവൻ, കെ.പി കേശവമേനോൻ ,കെ കേളപ്പൻ. മന്നത്ത് പത്മനാഭനും ചേർന്ന് നടത്തിയ വൈക്കം സത്യാഗ്രഹത്തിന് അദ്ദേഹം നല്കിയ പിന്തുണയും സന്ദർശനവുമൊക്കെ ജാതി വെറി കത്തി നിന്നിരുന്ന കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർവോദയ വിചാർ മണ്ഡൽ പ്രസിഡൻ്റ് അനീസ് ഹസൻ അദ്ധ്യക്ഷനായ പരിപാടിയിൽ ട്രഷറർ രാകേഷ് മോഹൻ മോഡറേറ്റയായിരുന്നു. ഉപദേശക സമിതി ചെയർമാൻ ആർ.എസ് ശശികുമാർ വിഷയാവതരണം നടത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാനായി ഓൺലൈനായാണ് പ്രഭാഷണം സംഘടിപ്പിച്ചത്.