നാം ആരെക്കാളും മുകളിലുമല്ല ആരെക്കാളും താഴെയുമല്ല. എന്തെന്നാൽ പ്രപഞ്ചത്തിൽ ഓരോന്നും പരസ്പരം ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഒന്നിനെയും ആശ്രയിക്കാതെ നിൽക്കുന്നത് പരമചൈതന്യം മാത്രമേയുള്ളൂ. അതിനാൽ ഏതെങ്കിലും രീതിയിലുള്ള ശക്തി നമുക്കുണ്ടെന്നും മറ്റുള്ളവരെക്കാൾ മേലെയാണ് നാം എന്നെല്ലാം ചിന്തിച്ച് അഭിമാനിക്കുന്നതായാൽ അത് അജ്ഞാനജന്യമായ അഹങ്കാരമായി വളരുന്നു.

നമുക്ക് എന്തെങ്കിലും ഒന്നിൻറെ പേരിൽ അഹങ്കരിക്കണമെങ്കിൽ ശരീരം വേണം. ശരീരാഭിമാനത്തിൽ നിന്നാണല്ലോ മറ്റെല്ലാ അഹങ്കാരങ്ങളും. അങ്ങനെ വരുമ്പോൾ ഈ ശരീരം ലഭിക്കുന്നതിന് നമ്മെ സഹായിച്ച പിതൃപരമ്പരയോടു തന്നെ നാം ആദ്യം കടപ്പെട്ടു പോവുകയാണെന്ന് കാണാം. ഇനി ഭൂമിയിൽ ജീവിനോടെയിരുന്ന് എന്തെങ്കിലും ഒന്നു പ്രവർത്തിക്കണമെങ്കിൽ പ്രാണവായു ലഭിക്കേണ്ടതുണ്ട്. അങ്ങനെയായതിനാൽ ഈ പ്രകൃതിയോടും നാം കടപ്പെട്ടുപോകുന്നു. ചവിട്ടി നിൽക്കാൻ ഇടം തരുന്ന ഭൂമിയോടും വളർത്തിവലുതാക്കിയ അച്ഛനമ്മമാരോടും വിദ്യപകർന്ന ഗുരുനാഥന്മാരോടും സഹായമരുളിയ സമൂഹത്തോടും അങ്ങനെ ഒന്നിനോടൊന്ന് സഹായം സ്വീകരിച്ചാണ് ഓരോ നിമിഷവും ഓരോരുത്തരും ജീവിച്ചിരിക്കുന്നത്. അപ്പോൾ എന്തിൻറെ പേരിലാണ് നാം അഹങ്കരിക്കുക. കർഷകനും തയ്യല്ക്കാരനും വീടുപണിക്കാരും ഡോക്ടറും അദ്ധ്യാപകരും സസ്യവർഗ്ഗവും ജീവജാലങ്ങളും സൂര്യനും ചന്ദ്രനും നദികളും ഋതുക്കളും എന്നുവേണ്ട പ്രപഞ്ചത്തിലെ ഓരോ ഘടകവും അതിൻറേതായ നിലയിൽ ഓരോന്നിനെയും സഹായിച്ചുകൊണ്ടിരിക്കുന്നു. ഇതൊരു കൂട്ടായ യജ്ഞമാണ്. അതിൽ നമ്മുടെ ഭാഗം നാം അർപ്പിക്കുകയും അതിൻറെ ഗുണഫലം നാം സ്വീകരിക്കുകയും ചെയ്യുന്നു. അങ്ങനെ അഞ്ചുതരത്തിലുളള യജ്ഞമായി നമ്മുടെ ജീവിതചര്യകളെ ക്രമപ്പെടുത്തിയിട്ടുണ്ട്. ദേവയജ്ഞം, ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ഭൂതയജ്ഞം, അതിഥിയജ്ഞം എന്നിവയാണവ. ഈശ്വരാരാധനയാണ് ദേവയജ്ഞം. ഈ വിജ്ഞാനമെല്ലാം പകർന്നു തന്ന ഋഷിപരമ്പരയോടുള്ള ആദരവ്, അവരുടെ വചനങ്ങൾ പഠിച്ച് പകർന്നുകൊടുക്കുക എന്നീവിധത്തിലുള്ള ജീവിതചര്യകളിലുടെ ബ്രഹ്മയജ്ഞം സാധിക്കുന്നു. ചവിട്ടിനിൽക്കാൻ ഇടം നൽകുന്ന ഭൂമിയേയും ജീവജാലങ്ങളെയും സംരക്ഷിച്ചു പരിപാലിക്കുന്നതിലൂടെ ഭൂതയജ്ഞം എന്ന ചര്യ ജീവിതത്തിലുൾപ്പെടുന്നു. നമ്മെ ആശ്രയിച്ചു വരുന്ന സമൂഹത്തെ സഹായിക്കുക വഴി അതിഥിയജ്ഞവും സാധിക്കുന്നു. ഇങ്ങനെയാണ് ധർമ്മം. എല്ലാം നിലനിൽക്കുന്നത് ഈ ധർമ്മത്തിലാണ്. ഇങ്ങനെ നമുക്ക് ആധാരമായി ഒരു ധർമ്മം ഉണ്ടെന്നിരിക്കെ നമുക്ക് മറ്റൊന്നിൻറെയും പേരിൽ അഹങ്കരിക്കാനുള്ള അവകാശം ഇല്ല. സ്വന്തം പ്രവൃത്തികളെ ധർമ്മത്തിനു വേണ്ടി യജ്ഞമായി സമർപ്പിക്കുക, നിസ്വാർത്ഥമായ്. ഓരോ പ്രവൃത്തിയും യജ്ഞമാണ്. നമുക്ക് കുറച്ചധികം പണം ഉണ്ടെങ്കിൽ സ്വന്തം ആവശ്യത്തിൽ കവിഞ്ഞുള്ള ചെലവ് ഉണ്ടാക്കി ചെലവാക്കിതീർക്കുകയല്ല വേണ്ടത് സമൂഹത്തിൽ പലകാരണങ്ങൾകൊണ്ട് വേലചെയ്തു ജീവിക്കാൻ കഴിവില്ലാത്ത ദുർബലരുണ്ട്, അവരെ സഹായിക്കുകയാണ് വേണ്ടത്. അങ്ങനെ അവരും അവരുടെ തലമുറയും നമുക്കൊപ്പം ഉയർച്ച പ്രാപിക്കുകയും നാളെ അവരുടെ തലമുറ സമൂഹത്തിനു തണലാകുകയും ചെയ്യും. നമുക്ക് ചവിട്ടി നിൽക്കുവാൻ ഇടം തരുന്ന ഭൂമിയെ നാം പരിപാലിച്ചില്ല എങ്കിൽ ഭൂമി നശിക്കുന്നതോടൊപ്പം നമ്മളും നശിക്കുമല്ലോ. ഇങ്ങനെ ഓരോ യജ്ഞവും ധർമ്മാനുസരണം ചെയ്യുന്നതിലൂടെയാണ് എല്ലാം പരസ്പരം ആശ്രയിച്ച് നിലനിന്നുപോരുന്നത്. ഓരോരുത്തരും സ്വന്തം യജ്ഞം ധാർമ്മികമായി നിർവഹിക്കുമ്പോൾ അതിൻറെ ഗുണഫലം തിരികെ ലഭിക്കുന്നു. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ചിന്തിച്ചു നോക്കിയാൽ നമുക്ക് എന്തിൻറെ പേരിലാണ് സ്വന്തം കഴിവെന്ന് അഹങ്കരിക്കാൻ കഴിയുക. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഒരു വലിയ ചങ്ങലയിലെ ഒരു കണ്ണിമാത്രമാണ് നാം. ഒരാൾ ചെയ്യുന്ന കുഴപ്പം അയാളെ മാത്രമല്ലെ മറ്റെല്ലാവരേയും ബാധിക്കുമല്ലോ!

എല്ലാവരും പണത്തിനു വേണ്ടിയോ എല്ലാവരും മദ്യത്തിനു വേണ്ടിയോ എല്ലാവരും തപസ്സിനു വേണ്ടിയോ എല്ലാവരും അധികാരത്തിനു വേണ്ടിയോ എല്ലാവരും കൃഷിക്കുവേണ്ടിയോ എല്ലാവരും ശുചീകരണത്തിനു വേണ്ടിയോ എല്ലാവരും ഡോക്ടറാകാനോ എല്ലാവരും ബിസിനസ്സ് നടത്തുവാനോ പോകില്ലല്ലോ! ഓരോരുത്തരും അവരവരുടെ ഭാഗം ചെയ്യുന്നു. എന്നതിനാൽ ഓരോ ആളെയും മറ്റെല്ലാവരും ആശ്രയിക്കുകയാണ്. അങ്ങനെ ഓരോ തൊഴിലും ഓരോ പ്രവൃത്തിയും ഒരുപോലെ ശ്രേഷ്ഠമാണെന്ന് വരുന്നു. ”അവനവന്റെ കർമ്മത്തിൽ അവനവൻ വലിയവൻ” എന്ന് വിവേകാനന്ദസ്വാമികൾ പറയും. ഒരു തപസ്വിക്ക് ഗൃഹസ്ഥനെ ആശ്രയിക്കേണ്ടതുണ്ട്. ഒരു ഗൃഹസ്ഥന് താപസനെയും ആശ്രയിക്കേണ്ടതുണ്ട്. എന്നതുപോലെ ചിന്തിച്ച് നാം ഓരോ മനുഷ്യനോടും ഓരോ അണുജീവിയോടും കടപ്പെട്ടവരായി ഓരോന്നിൻറെയും പ്രവൃത്തിയാകുന്ന യജ്ഞത്തെ ഭക്തിയോടെ കാണണം. നമുക്ക് എന്തൊക്കെ ഉണ്ടെങ്കിലും നാം എന്തെല്ലാം നേടിയിട്ടുണ്ടെങ്കിലും അതെല്ലാം അഞ്ചു തരത്തിലുള്ള യജ്ഞങ്ങളോട് കടപ്പെട്ട് നാം നേടിയതാണ് എന്നറിഞ്ഞ് നിസ്വാർത്ഥമായി ഓരോ പ്രവൃത്തിയും യജ്ഞമാണെന്ന ബോധത്തിൽ എല്ലാ അഹങ്കാരങ്ങളിൽ നിന്നും മുക്തി നേടണം. നമ്മുടെ കായികശക്തികൊണ്ടോ നമ്മുടെ സാമ്പത്തിക ശക്തികൊണ്ടോ നമ്മുടെ പാണ്ഡിത്യശക്തികൊണ്ടോ നമ്മുടെ തപശ്ശക്തികൊണ്ടോ മറ്റൊരാളെ ദോഷപ്പെടുത്താനോ അതിനു ശേഷം നമുക്ക് മാത്രമായി സുഖമായി ജീവിക്കാനോ സാധിക്കില്ല. നമ്മുടെ ശക്തി നമ്മുടേതായ മേഖലയിലും നമ്മുടെ ആവശ്യമുള്ള സ്ഥലങ്ങളിലുമാണ് പ്രസക്തമാകുന്നത്. നമുക്ക് എല്ലാ തരത്തിലുള്ള മനുഷ്യരുടേയും പലതരത്തിലുള്ള ശക്തികളെ ആശ്രയിക്കേണ്ടതുണ്ട്.

ദീർഘകാലം തപസ്സനുഷ്ഠിച്ച് സിദ്ധി കൈവരിച്ച ഒരു മനുഷ്യനുണ്ടായ അഹങ്കാരത്തിൻറെ കഥ ശ്രീരാമകൃഷ്ണപരമഹംസർ പറയുന്നുണ്ട്. വനത്തിൽ ഒരു മരച്ചുവട്ടിലായ് ദീർഘകാലം തപസ്സനുഷ്ഠിക്കുകയായിരുന്ന ഒരാൾ. ആ മരത്തിനുമേൽ വന്നിരുന്ന ഒരു പക്ഷി അദ്ദേഹത്തിനു മേൽ കാഷ്ഠിച്ചുവീഴ്ത്തുകയുണ്ടായി. അതു കണ്ട് കോപത്തോടെ അദ്ദേഹം ആ പക്ഷിയെ നോക്കിയതും അത് കോപാഗ്നിയേറ്റ് കരിഞ്ഞ് വീണു നശിച്ചു. ഇത് കണ്ടപ്പോൾ അദ്ദേഹത്തിന് ബോദ്ധ്യമായി ദീർഘകാലത്തെ തപസ്സുകൊണ്ട് തനിക്ക് സിദ്ധിയുണ്ടായിരിക്കുന്നു എന്ന്. ആ അഹങ്കാരവും പേറിക്കൊണ്ട് അദ്ദേഹം ഒരു ഗൃഹസ്ഥൻറെ വീട്ടിൽ ഭക്ഷണം തേടി പോകുന്നു. എന്നാൽ അവിടത്തെ ഗൃഹനാഥയാകട്ടെ ഭർത്താവിനെ പരിചരിച്ചതിനു ശേഷമാണ് അദ്ദേഹത്തെ മാനിക്കുന്നത്. എന്നുകണ്ട് കോപത്തോടെ നേരത്തെ പക്ഷിയെ നോക്കിയപോലെ ആ സ്ത്രീയെ നോക്കുന്നു. ഇതു കണ്ട് ആ സ്ത്രീ പറയും ”ഞാൻ ആ പക്ഷിയൊന്നുമല്ല ഇങ്ങനെ നോക്കുവാൻ” എന്ന്. ഇത് കേട്ട അദ്ദേഹം അതിശയിച്ചുപോകുന്നു!

ഇത്തരത്തിലാണ് അഹങ്കാരികളുടെ അവസ്ഥ. ആർക്കും ആരുടേയും ശക്തിയുടെ മഹത്വവും വലിപ്പവും അളക്കുവാൻ കഴിയില്ല. എല്ലാവരും അവരുടേതായ ധർമ്മത്തിൽ ശക്തിയുള്ളവരും മഹത്വമുള്ളവരുമാണ്. നമ്മുടെ ശക്തിയെന്താണോ അതു കൊണ്ട് മാത്രം നമുക്ക് സമൂഹത്തിൽ ജീവിക്കാൻ ആകില്ല. നമ്മുടെ പദവികൾ നമ്മുടെ മനസ്സിലാണ്, നമ്മുടെ കർമ്മമേഖലയിലുമാണ് അതിന് പ്രസക്തിയും പ്രശസ്തിയും. ആ ഭാവവും പേറി അന്യ സാഹചര്യങ്ങളിൽ ചെല്ലുന്നതിനെയാണ് അഹങ്കാരം എന്നു പറയുന്നത്. അപ്പോൾ അത് പരിഹാസ്യമായിത്തീരുന്നു. ”ഞാൻ വലിയവനാണ് എന്നെ ദോഷപ്പെടുത്തുന്നവർക്ക് ദോഷം വരും” എന്നയഹങ്കാരം വളരാതെ നോക്കേണ്ടതുണ്ട്. ആകെയുള്ള പ്രപഞ്ചസ്വരൂപത്തിൽ ചെറിയൊരു കണ്ണിമാത്രമാണ് ഞാനും, എല്ലാവർക്കും ഒപ്പം ഞാനും ഈ ധർമ്മത്തിൽ സ്ഥിതിചെയ്യുന്നു, ഈശ്വരനാണ് ആധാരം എന്ന ബോധത്തോടെ ജീവിക്കുന്നതായാൽ അതാണ് ശ്രേയസ്കരം. വിശ്വാമിത്രമഹർഷിക്ക് കാമത്തെയും ക്രോധത്തെയും ജയിക്കുന്നതുവരെ സിദ്ധിയും രാജർഷിപദവിയുമല്ലാതെ ബ്രഹ്മർഷിപദവി നേടാൻ കഴിഞ്ഞില്ല. ബ്രഹ്മപദവിനേടിയാൽ പിന്നെ ബ്രഹ്മാസ്ത്രംപോലും എതിർക്കില്ലല്ലോ! ജയിക്കേണ്ടത് അഹങ്കാരജന്യമായ കാമക്രോധങ്ങളെയാണ്.
ഓം

-കൃഷ്ണകുമാർ കെ പി