സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പോള്‍ സക്കറിയയ്ക്ക്. അഞ്ച്‌ലക്ഷം രൂപയാണ് പുരസ്‌ക്കാരത്തുക. കേന്ദ്രസംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിട്ടുള്ള എഴുത്തുകാരന്‍ കൂടിയാണ് ഇദ്ദേഹം. മുണ്ടാട്ട്ചുണ്ടയില്‍ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയുടെയും മകനായി 1945 ജൂണ്‍ അഞ്ചിന് മീനച്ചലില്‍ താലൂക്കിലെ പൈകയ്ക്ക് സമീപം ഉരുളികുന്നത്താണ് പോള്‍ സക്കറിയ എന്ന സക്കറിയ ജനിച്ചത്.സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എം.ഇ.എസ് കോളേജിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലും അധ്യാപകനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.  മലയാളസാഹിത്യത്തിലെ ക്ലീഷേ എഴുത്തുകള്‍ക്കെതിരെ വിജയകരമായി പോരാട്ടം നടത്തിയ എഴുത്തുകാരില്‍ മുന്നിട്ടുനില്‍ക്കുന്ന സക്കറിയ എന്ന എഴുത്തുകാരന്റെ കൃതികള്‍ പുതിയ എഴുത്തുകാര്‍ക്ക് എന്നും പ്രചോദനമാണ് . ഒരിടത്ത്, നസ്രാണി യുവാവും, ഗൗളിശാസ്ത്രവും, ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും, അല്‍ഫോണ്‍സാമയുടെ മരണവും ശവസംസ്‌ക്കാരവും തുടങ്ങിയവയാണ് പ്രശസ്തമായ ചെറുകഥാ സമാഹാരങ്ങള്‍. എ സീക്രട്ട് ഹിസ്റ്ററി ഓഫ് കംപാഷന്‍ എന്ന ഇംഗീഷ് നോവല്‍ കഴിഞ്ഞ വര്‍ഷമാണ് പ്രസിദ്ധീകരിച്ചത്. സക്കറിയയുടെ ഭാസ്‌ക്കരപട്ടേലും, എന്റെ ജീവിതവും എന്ന നോവലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ വിധേയന്‍.