തിരുവനന്തപുരം:മൂടുപടമിട്ട് യുവതികളെ ശബരിമലയില്‍ കയറ്റിയത് ധീരതയല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ശബരിമല പ്രശ്‌നം കാണിച്ച് സംസ്ഥാനത്തെ ജനങ്ങളെ പിണറായിയും കൂട്ടരും മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്.ശബരിമല വിഷയത്തില്‍ യുഡിഎഫ് എടുത്ത നിലപാടാണ് ശരിയെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
അക്രമ രാഷ്ട്രീയത്തിനെതിരെ കവടിയാര്‍ വിവേകാനന്ദ സ്‌ക്വയറില്‍ യുഡിഎഫ് നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് ഭരണകൂടം തന്നെ വര്‍ഗീയത വളര്‍ത്തുകയാണെന്നും പിണറായി വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരും സിപിഎമ്മും നവോത്ഥാനത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്.കോണ്‍ഗ്രസിന്റെ നവോത്ഥാന പാരമ്പര്യം മറ്റാര്‍ക്കും അവകാശപ്പെടാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,കെ.മുരളിധരന്‍ തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരുമടക്കം ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നു.