തിരുവനന്തപുരം:ശബരിമലയില്‍ അക്രമികളെ അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ശബരിമല ഒരു ആരാധനാ സ്ഥലമാണ്.അതിന് ശബരിമലയെ ഒരു സംഘര്‍ഷ ഭൂമിയാക്കുക സര്‍ക്കാരിന്റെ ഉദ്ദേശമല്ല.സുപ്രീംകോടതി വിധിയനുസരിച്ച് വിശ്വാസികള്‍ക്കെല്ലാം ശബരിമലയില്‍ പോയി ആരാധിക്കാനുള്ള അവകാശമുണ്ട്.സ്ത്രീപ്രവേശനകാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല ക്ഷേത്രത്തിലെ പൂജാദികര്‍മങ്ങള്‍ തീരുമാനിയ്ക്കാനുള്ള അവകാശം തന്ത്രിയ്ക്കുണ്ടാകാം, പക്ഷേ ഭരണപരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശം ബോര്‍ഡിനാണെന്ന് മറന്ന് പോകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികള്‍ കടക്കുന്നത് തടയുകയല്ല, അവരെ പ്രവേശിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് ബോര്‍ഡിനും തന്ത്രിയ്ക്കുമുള്ളത്.അത് മറന്ന്,ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിച്ച്, സുപ്രീംകോടതി വിധി അട്ടിമറിയ്ക്കാന്‍ തന്ത്രിയും പരികര്‍മികളും ശ്രമിച്ചത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.                                                                                                                                                             
ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനായി ഗൂഢമായ പദ്ധതിതന്നെ സംഘപരിവാര്‍ തയ്യാറാക്കി.സര്‍ക്കാരോ പൊലീസോ ഒരു വിശ്വാസിയേയും തടയുന്നതിനോ എതിര്‍ക്കുന്നതിനോ തയ്യാറായിട്ടില്ല.സന്നിധാനത്തെത്തുന്ന വിശ്വാസികളെ പരിശോധനയ്ക്ക് ശേഷമേ കടത്തിവിടൂ എന്ന സ്ഥിതിയാണ് സംഘപരിവാര്‍ സ്വീകരിച്ചത്.പത്തു മുതല്‍ അന്‍പത് വയസ്സ് വരെയുള്ള സ്ത്രീകളെ തടയുമെന്നാണ് പറഞ്ഞതെങ്കിലും ആ പരിധിക്ക് അപ്പുറവും ഇപ്പുറവും പ്രായമുള്ളവരെയും തടഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണമുണ്ടായി.വനിതകള്‍ക്കുനേരെ ശബരിമലയില്‍ ആക്രമണം നടത്തിയ അതേസമയം തന്നെ അവരുടെ വീടുകളും ആക്രമിച്ചു. ശബരിമലയിലെത്തുന്ന സ്ത്രീകളെ നേരത്തെ മനസിലാക്കുകയും കേരളത്തിലെവിടെയാണെങ്കിലും അവരുടെ വീടുകയറി ആക്രമിക്കാനുമാണ് മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നത്.
ശാന്തിയും സമാധാനവും തിരികെ കൊണ്ടുവരാന്‍ ശബരിമലയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ക്രിമിനലുകളെ പുറത്താക്കും.വിശ്വാസികള്‍ക്ക് കടന്നു ചെല്ലാവുന്ന സാഹചര്യം സര്‍ക്കാര്‍ നിറവേറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.