തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതികള്‍ കുറ്റം സമ്മതിച്ചു
.കത്തിയെടുത്ത് കുത്തിയത് താനാണെന്ന് ഒന്നാം പ്രതി ശിവരഞ്ജിത്ത് പൊലീസിനോട് സമ്മതിച്ചു. അഖില്‍ തന്റെ അയല്‍ക്കാരനായിരുന്നെന്നും പ്രതി പറഞ്ഞു.ആക്രമണത്തിന് പിന്നില്‍ ഒരു സംഘമാളുകളുണ്ടായിരുന്നെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞിട്ടുണ്ട്.
അതേസമയം യൂണിവേഴ്‌സിറ്റി കോളജില്‍ നടന്നത് ആസൂത്രിതമായ സംഘര്‍ഷവും കത്തിക്കുത്തുമാണോ എന്ന കാര്യത്തില്‍ പോലീസിന് സംശയമുണ്ട്. പ്രതി ശിവരഞ്ജിത്തും കുത്തേറ്റ അഖിലും അയല്‍ക്കാരാണ്. പോലീസ് സേനയിലേക്കുള്ള പരീക്ഷയില്‍ ശിവരഞ്ജിത്തിന് ഉയര്‍ന്ന റാങ്കു കിട്ടിയതില്‍ അഖില്‍ സംശയമുന്നയിച്ചിരുന്നതായി സൂചനയുണ്ട്. ആര്‍ച്ചറി ചാമ്പ്യന്‍ എന്ന നിലയിലാണ് ശിവരഞ്ജിത്തിന് മാര്‍ക്ക് കൂടുതല്‍ ലഭിച്ചത്. എന്നാല്‍ ഇയാള്‍ പങ്കെടുത്ത മല്‍സരങ്ങളുടെ കാര്യത്തില്‍ അഖില്‍ സംശയം പ്രകടിപ്പിച്ചിരുന്നതായും ഇത് ശിവരഞ്ജിത്തിനു വൈരാഗ്യമുണ്ടാവാന്‍ കാരണമായോ എന്നും അന്വേഷിക്കേണ്ടതുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താലേ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാവുകയുള്ളെന്ന് പോലീസ് പറഞ്ഞു.