തിരുവനന്തപുരം:മക്കള്‍ രാഷ്ട്രീയത്തിന്റ പേരില്‍ എന്നും പഴികേള്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.പ്രവര്‍ത്തിക്കാന്‍ അണികളും സ്ഥാനമാനങ്ങള്‍ നേടാന്‍ നേതാക്കളുടെ മക്കളും എന്ന രീതി കാലാകാലങ്ങളായി തുടരുന്നു.മക്കള്‍ രാഷ്ട്രീയത്തെ എക്കാലവും എതിര്‍ത്ത,എന്നും കോണ്‍ഗ്രസിന്റെ ആദര്‍ശമുഖമായിക്കാണുന്ന എകെ ആന്റണി ഇപ്പോള്‍ സ്വന്തം മകന് പാര്‍ട്ടിയില്‍ പദവി നല്‍കിയതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.ജയശങ്കര്‍.ആദര്‍ശ ധീരനില്‍നിന്നുള്ള ആന്റണിയുടെ നിലപാട് മാറ്റത്തെ ജയശങ്കര്‍ ഫേസ്ബുക് പേജിലൂടെ ആക്ഷേപഹാസ്യമായി തുറന്നുകാട്ടുകയാണ്.

ജയശങ്കറിന്റെ ഫേസ് ബുക്‌പോസ്റ്റ് ചുവടെ:

ഒരിടത്തൊരിടത്ത് ഒരു ആന്റപ്പനുണ്ടായിരുന്നു.ആദര്‍ശ ധീരന്‍. അടിയന്തരാവസ്ഥ കാലത്ത് ഗുവാഹത്തിയില്‍ ചെന്ന് ഇന്ദിരാഗാന്ധിയുടെ മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ത്ത വില്ലാളിവീരന്‍. സഞ്ജയ് ഗാന്ധിയെ കേരളത്തില്‍ കാലെടുത്തു കുത്താന്‍ അനുവദിക്കാതിരുന്ന ധര്‍മ്മപുത്രന്‍.

കാലം മാറി, കഥ മാറി. ആന്റപ്പന്‍ പില്‍ക്കാലത്ത് അല്പം വിട്ടുവീഴ്ച ചെയ്തു.ഗാന്ധി കുടുംബ വാഴ്ച അംഗീകരിച്ചു; കരുണാകരന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ മകന്‍ കിങ്ങിണിക്കുട്ടനു സീറ്റ് വാങ്ങിക്കൊടുത്തു.അപ്പോഴും അവനവന്റെ കാര്യത്തില്‍ ആദര്‍ശവാനായി തുടര്‍ന്നു.

കാലം പിന്നെയും മാറി. ഇപ്പോള്‍ മകന്‍ അമ്മിണിക്കുട്ടനെ കേരള രാഷ്ട്രീയത്തില്‍ കെട്ടിയിറക്കുന്നു.

കിങ്ങിണിക്കുട്ടന്‍ സേവാദള്‍ വഴിയാണ് വന്നതെങ്കില്‍, ഡിജിറ്റല്‍ മീഡിയ സെല്‍ വഴിക്കാണ് അമ്മിണിക്കുട്ടന്റെ രംഗപ്രവേശം.

അങ്കുശമില്ലാത്ത കാപട്യമേ, മണ്ണില്‍
ആന്റണിയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍!