പയ്യന്നൂര്‍:പ്രളയകാലത്തെ നന്‍മയുടെ നേര്‍ക്കാഴ്ചകള്‍ മലയാളികള്‍ കണ്‍നിറയെക്കാണുകയാണ്.സ്വാര്‍ത്ഥതകളെല്ലാം മാറ്റിവച്ച് സഹജീവികേളാടുള്ള അനുകമ്പയുമായി ഒട്ടനവധിപേര്‍.ഇപ്പോള്‍ അവരോടോപ്പം ചേര്‍ത്തുനിര്‍ത്താന്‍ പയ്യന്നൂരില്‍ നിന്നും ഒരു മഹനീയ മാതൃക.കൃഷിക്കാരനായ അച്ഛന്‍ തങ്ങളുടെ ഭാവിക്കായി കരുതിയ ഒരേക്കര്‍ ഭൂമിയാണ് മാവിച്ചേരി സ്വര്‍ഗം വീട്ടിലെ ശങ്കരന്റെയും വിധുബാലയുടെയും മക്കളായ പതിനൊന്നാം ക്ലാസുകാരി സ്വാഹയും അനുജനും ചേര്‍ന്ന് പ്രളയബാധിതര്‍ക്കായുള്ള ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.ഇതിനോടകം തന്റെ തീരുമാനമറിയിച്ച് സ്‌കൂള്‍ അസംബ്ലിയില്‍ പ്രിന്‍സിപ്പലിന് സ്വാഹ കത്ത് നല്‍കി.സമൂഹമാധ്യമങ്ങള്‍ സംഭവം ഏറ്റെടുക്കുകയും ചെയ്തു.
സ്വാഹയുടെ കത്ത് ഇങ്ങനെ:-
‘സര്‍, അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നല്ലേ? നാടിന്റെ ഇന്നത്തെ അവസ്ഥയില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥികളായ ഞാനും എന്റെ അനുജന്‍ ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചു സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു.കൃഷിക്കാരനായ അച്ഛന്‍ ഞങ്ങളുടെ നാളേക്കുവേണ്ടി കരുതിവച്ച ഭൂമിയില്‍നിന്ന് ഒരു ഏക്കര്‍ സംഭാവന നല്‍കാന്‍ നിശ്ചയിച്ചു.അച്ഛന്റെ അനുവാദവും വാങ്ങി.ഇനി ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?’കണ്ടങ്കാളി ഷേണായീസ് സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി സ്വാഹ കത്തില്‍ പറഞ്ഞു.
പ്രളയക്കെടുതിയില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട കൂട്ടുകാര്‍ക്ക് സ്‌കൂളില്‍നിന്ന് 5000 പുസ്തകങ്ങള്‍ സംഭാവന നല്‍കുന്ന പരിപാടിക്കിടെയാണ് സ്വാഹ കത്ത് കൈമാറിയത്.പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയായ സ്വാഹ പത്തില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.കേരളത്തെ പ്രതിനിധീകരിച്ച് ഒമ്പത് തവണ ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നു.സഹോദരന്‍ ബ്രഹ്മ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.സ്വാഹ നല്‍കിയ ഭൂമിയുടെ രേഖകള്‍ പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു.