അജ്മാന്‍: അജ്മാനിലെ വ്യവസായ മേഖലയില്‍ വസ്ത്രനിര്‍മാണശാലയുടെ ഗോഡൗണില്‍ പുലര്‍ച്ചെ തീപിടിത്തം. ഒട്ടേറെ കടകളും ഗോഡൗണുകളും സ്ഥിതി ചെയ്യുന്നതിനു സമീപമാണ് തീപിടിത്തം ഉണ്ടായതെങ്കിലും അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി.

അഗ്‌നിശമനസേനാംഗങ്ങള്‍ മൂന്നുമിനിറ്റിനകം സംഭവസ്ഥലത്ത് എത്തിച്ചേരുകയും തീപിടിത്തത്തിന്റെ കാരണം ഉള്‍പ്പെടെ അജ്മാന്‍ പൊലീസ് കണ്ടെത്തി തീ നിയന്ത്രണവിധേയമാക്കുകയും രണ്ടു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും അണയ്ക്കുകയും ചെയ്തു.

തീപിടിത്തം സംബന്ധിച്ച് പുലര്‍ച്ചെ തന്നെ വിവരം ലഭിച്ചിരുന്നതിനാല്‍ ഉടന്‍ നടപടിയെടുക്കാന്‍ കഴിഞ്ഞതായി അജ്മാന്‍ ഫയര്‍ സ്‌റ്റേഷനിലെ ഡെപ്യൂട്ടി ഡയറക്ടര്‍ കോള്‍ റാഷിദ് അല്‍ സബാബി മാധ്യമങ്ങളോടു പറഞ്ഞു.