ദില്ലി:അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വരുമ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തിലെത്തി.മധ്യപ്രദേശില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലെത്തി അധികാരം ഉറപ്പിച്ചു.ഒരിക്കല്‍ പോലും ബിജെപിയെ മുന്നില്‍ കയറാന്‍ അനുവദിക്കാതെ ലീഡ് നേടിയാണ് കോണ്‍ഗ്രസ് മുന്നേറിയത്.
കോണ്‍ഗ്രസ് 95 സീറ്റില്‍ മുന്നേറ്റം നടത്തിയപ്പോള്‍ ബിജെപി 80 സീറ്റ് നേടി.ബിഎസ്പിക്ക് 3 സീറ്റും മറ്റുകക്ഷികള്‍ക്ക് 21 സീറ്റുകളുമാണുള്ളത്.ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് തരംഗമാണ്.ബിജെപിയുടെ 15 വര്‍ഷത്തെ ആധിപത്യമാണ് അവസാനിച്ചത്.അധികാരമുറപ്പിച്ച കോണ്‍ഗ്രസിന് 57 സീറ്റു നേടാനായപ്പോള്‍ ബിജെപി 25 സീറ്റില്‍ മാത്രമൊതുങ്ങി.
മധ്യപ്രദേശില്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്.117 സീറ്റില്‍ ലീഡുനേടിയ കോണ്‍ഗ്രസ് ഇപ്പോള്‍ 110 സീറ്റിലും ബിജെപി 111 സീറ്റിലും മുന്നിട്ടുനില്‍ക്കുകയാണ്.
തെലങ്കാനയില്‍ ടിആര്‍എസ് 84 സീറ്റുമായി അധികാരമുറപ്പിച്ചു.കോണ്‍ഗ്രസിന് 26 സീറ്റാണ് ലഭിച്ചത്.പ്രതിപക്ഷ കൂട്ടായ്മയായ ‘മഹാകുടമി’ സഖ്യത്തെ ബഹുദൂരം പിന്നിലാക്കിയാണ് ടിആര്‍എസിന്റെ കുതിപ്പ്.തെലങ്കാനയില്‍ ടിആര്‍എസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
മിസോറാമില്‍ എംഎന്‍എഫ് 28 സീറ്റുകള്‍ നേടി അധികാരമുറപ്പിച്ചു.കോണ്‍ഗ്രസിന് 7 സീറ്റുകള്‍ മാത്രമാണ് നേടാനായത്.നാല്‍പത് സീറ്റുകളുള്ള മിസോറാമില്‍ കേവലഭൂരിപക്ഷത്തിന് 21സീറ്റുകളാണ് വേണ്ടത്.