കൊച്ചി:പാമ്പുകളുടെ തോഴന്‍ വാവ സുരേഷ് പാമ്പു പിടിത്തം മതിയാക്കുന്നു. അതിരുവിട്ടതും അടിസ്ഥാനരഹിതവുമായ വിമര്‍ശനങ്ങളില്‍ മനം മടുത്താണ് വാവ സുരേഷ് രംഗം വിടുന്നത്. ഇനിയുള്ള കാലം അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ആഗ്രഹമെന്ന് വാവ സുരേഷ് പറഞ്ഞു.നിയമാനുസൃതമല്ലാതെ അശാസ്ത്രീയമായി പാമ്പുകളെ പിടിക്കുന്നു, അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്യുന്നു, പാമ്പിന്റെ വെനം വില്‍ക്കുന്നു എന്നും മറ്റുമുള്ള ആരോപണങ്ങളാണ് സുരേഷിനെതിരെ ഉയര്‍ന്നത്. സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ചിലര്‍ വലിയ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍ അത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വാവ സുരേഷ് പറയുന്നു.ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് പ്രകാരം പാമ്പുകളെ പിടിക്കാനോ സംരക്ഷിക്കാനോ ഒരു സംഘടനയ്ക്കും അനുവാദം ലഭിക്കാറില്ലെന്നും സുരേഷ് പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ വളരെയധികം വേദനിപ്പിച്ചുവെന്നും വാവ സുരേഷ് പറഞ്ഞു.
165 രാജവെമ്പാലകള്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പാമ്പുകളെ വാവ സുരേഷ് ഇതുവരെ പിടിച്ചിട്ടുണ്ട്. കേരളത്തിലുടനീളം യാത്ര ചെയ്താണ് പാമ്പുകളെ പിടിക്കുന്നത്. പാമ്പു പിടിക്കാന്‍ പ്രതിഫലം വാങ്ങാറുമില്ല. നിരവധി തവണ പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയിലായിട്ടും വാവ സുരേഷ് ജീവിതത്തിലേക്കു തിരിച്ചു വന്ന് വീണ്ടും പാമ്പു പിടിത്തത്തിനിറങ്ങുകയായിരുന്നു. ഇപ്പോള്‍ പാമ്പുകളേക്കാള്‍ വിഷമുള്ള മനുഷ്യരെ ഭയന്ന് വാവ സുരേഷ് രംഗം വിടുകയാണ്.