ആലത്തൂര്‍:സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ പരാതിയുമായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് കോടതിയെ സമീപിച്ചു.ആലത്തൂര്‍ കോടതിയിലാണ് പരാതി നല്‍കിയത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് രമ്യ പറയുന്നു. ഇനി ആരും കേരളത്തില്‍ സ്ത്രീകളെപ്പറ്റി ഇത്തരത്തില്‍ മോശമായി പറയാതിരിക്കാനാണ് താന്‍ പരാതിയുമായി മുന്നോട്ടുപോകുന്നതെന്നും രമ്യ പറഞ്ഞു.
പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് രമ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് പോലീസിന്റെ ഭാഗത്തുനിന്നും തുടര്‍നടപടികളൊന്നുമുണ്ടായില്ല. പൊന്നാനിയില്‍ ഈ മാസം ഒന്നാം തീയതി വിജയരാഘവന്‍ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്.പി കെ കുഞ്ഞാലിക്കുട്ടിയെക്കാണാന്‍ രമ്യ ഹരിദാസ് പോയതുമായി ബന്ധപ്പെടുത്തിയാണ് വിജയരാഘവന്‍ മോശം പരാമര്‍ശം നടത്തിയത്.അതിനു മുന്‍പും വിജയരാഘവന്‍ പ്രസംഗത്തിലൂടെ രമ്യയെ അധിക്ഷേപിച്ചിരുന്നു.