തിരുവനന്തപുരം: അനര്‍ട്ട് ഡയറക്ടര്‍ നിയമന അഴിമതിക്കേസില്‍ അടുത്തമാസം 29-ന് വിജിലന്‍സ് നിലപാട് അറിയിക്കണമെന്ന് കോടതിയുടെ അന്ത്യശാസനം. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് പലതവണ നിര്‍ദ്ദേശിച്ചിട്ടും വിജിലന്‍സ് അനാസ്ഥ കാട്ടുന്ന പശ്ചാത്തലത്തിലാണ് ഇന്നലെ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് മതിയാ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിന്റെ പേരില്‍ അന്വേഷണം നേരിട്ടിരുന്ന ഹരികുമാറിനെ അനര്‍ട്ടിന്റെ ഡയറക്ടറായി നിയമിച്ചുവെന്നാണ് കേസ്. ഇതുസംബന്ധിച്ച് എം വിന്‍സെന്റ് എം.എല്‍.എയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഹരികുമാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച അന്നുതന്നെ സമാന പരാതി അന്വേഷിച്ച് അവസാനിപ്പിച്ചിരുന്നുവെന്നാണ് വിജിലന്‍സിന്റെ നിയമോപദേശകന്‍ കോടതിയെ അറിയിച്ചിരുന്നത്. എങ്കില്‍ ആ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ പലതവണ കേസ് പരിഗണിച്ചപ്പോഴും റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് തയാറായില്ല. ഇതേതുടര്‍ന്നാണ് ഇന്നലെ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. 2007ല്‍ അനര്‍ട്ടിന്റെ പ്രോജക്ടില്‍ അംഗമായിരുന്ന ഹരികുമാര്‍ വന്‍ അഴിമതിയും ക്രമക്കേടും കാട്ടിയെന്നും ഇതിന് മന്ത്രി കൂട്ടുനിന്നുവെന്നുമാണ് ഹര്‍ജിയിലെ ആരോപണം.