ദില്ലി:അനില്‍ അംബാനിക്കെതിരായ ജുഡീഷ്യല്‍ ഉത്തരവില്‍ മാറ്റം വരുത്തിയ രണ്ട് സുപ്രീംകോടതി ഉദ്യോഗസ്ഥരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചുവിട്ടു. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെ അര്‍ദ്ധരാത്രിയിലാണ് ചീഫ് ജസ്റ്റിസ് പിരിച്ചു വിട്ടത്.അനില്‍ അംബാനിയുടെ റിലൈന്‍സ് കമ്യുണിക്കേഷന്‍സിന് എതിരെ എറിക്സണ്‍ ഇന്ത്യ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലെ ഉത്തരവില്‍ മാറ്റം വരുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.
ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍,വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജനുവരി 7 ന് പുറപ്പെടുവിച്ച വിധിയില്‍ അനില്‍ അംബാനിയോട് നേരിട്ട് കോടതിയില്‍
ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.എന്നാല്‍ സുപ്രീം കോടതി അന്ന് വൈകിട്ട് വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതായാണ് കണ്ടത്.ഇതിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം നടക്കുകയും അംബാനിക്ക് അനുകൂലമായ ഉത്തരവ് അപ്ലോഡ് ചെയ്തത് അനധികൃതമായ ഇടപെടലാണെന്ന് കണ്ടെത്തുകയും ചെയ്തു.ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗോഗോയ് പിരിച്ച് വിടല്‍ ഉത്തരവില്‍ ഇന്നലെ രാത്രി ഒപ്പ് വച്ചത്.