സിഡ്നി:പായ് വഞ്ചിയുമായി ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമി സുരക്ഷിതനെന്ന് സന്ദേശം ലഭിച്ചതായി ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍.താന്‍ സുരക്ഷിതനാണെന്നും ജി പി എസ് സംവിധാനവും സാറ്റലൈറ്റ് ഫോണും പ്രവര്‍ത്തന ക്ഷമമാണെന്നും അഭിലാഷ് അറിയിച്ചു.
അഭിലാഷ് എവിടെയാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.തിരച്ചില്‍ പുരോഗമിക്കുകയാണ്.തിരച്ചിലിനായി ഓസ്ട്രേലിയ വിമാനങ്ങള്‍ അയച്ചിരുന്നു. സമീപത്തെ എല്ലാ കപ്പലുകള്‍ക്കും അടിയന്തര സന്ദേശം അയച്ചതായും ഓസ്ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു.ഇന്ത്യന്‍ നാവിക സേനയും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
ശക്തമായ കാറ്റിലും തിരമാലയിലും അഭിലാഷിന്റെയും മറ്റു രണ്ടു നാവികരുടെയും  പായ് വഞ്ചികള്‍
അപകടത്തില്‍പ്പെടുകയായിരുന്നു.പായ് വഞ്ചിയുടെ തൂണുകള്‍ ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് അഭിലാഷിന്റെ മുതുകിന് പരിക്കേറ്റെന്നാണ് വിവരം.
ഫ്രാന്‍സ് തീരത്തുനിന്ന് ജൂലായ് ഒന്നിനാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് ആരംഭിച്ചത്.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30 പേരാണ് റേസില്‍ പങ്കെടുക്കുന്നത്. ആദ്യമായി പായ്വഞ്ചിയില്‍ കടലിലൂടെ ലോകം ചുറ്റിയ സര്‍ റോബിന്‍ നോക്‌സ് ജോണ്‍സ്റ്റണിന്റെ ഐതിഹാസിക യാത്രയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘടിപ്പിക്കുന്നത്.
നാവികസേനയില്‍ ലഫ്. കമാന്‍ഡറായ അഭിലാഷ് 2012 നവംബറില്‍ മുംബൈ തീരത്തു നിന്ന് ‘മാദേയി’ എന്ന പായ്വഞ്ചിയില്‍ നാലു ലക്ഷത്തോളം കിലോമീറ്റര്‍ പിന്നിട്ട് 2013 ഏപ്രില്‍ ആറിന് മുബൈയില്‍ തന്നെ തിരിച്ചെത്തി.ഇതോടെ ആഴക്കടലിലൂടെ എങ്ങും തങ്ങാതെ ലോകം ചുറ്റുന്ന ആദ്യത്ത ഇന്ത്യക്കാരനായി അഭിലാഷ് ചരിത്രം കുറിച്ചു.
ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷിന്റെ അച്ഛന്‍ ചാക്കോ ടോമിയും നാവികസേനയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്