തിരുവനന്തപുരം:ശോഭനാജോര്ജിനെതിരെ നിയമനടപടിക്കൊരുങ്ങി നടന് മോഹന്‍ലാല്‍.പൊതുജന മധ്യത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ഖാദി ബോര്‍ഡ് ഉപാധ്യക്ഷയായ ശോഭനാ ജോര്‍ജ്ജിനെതിരെ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചത്.ഒന്നുകില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ശോഭനാ ജോര്‍ജ്ജ് മാപ്പുപറയണമെന്നും, മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നല്‍കണമെന്നുമാണ് ആവശ്യം.മാപ്പു പറഞ്ഞില്ലെങ്കില്‍ 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
മോഹന്‍ലാല്‍ അഭിനയിച്ച ഒരു പരസ്യചിത്രമാണ് വിവാദത്തിലായത്.ഒരു പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയുടെ പരസ്യത്തിലാണ് മോഹന്‍ലാല്‍ ചര്‍ക്കയില്‍ നൂല് നൂല്‍ക്കുന്നതായി കാണിക്കുന്നത്.ഇതേത്തുടര്‍ന്ന് മോഹന്‍ലാലിനും മുണ്ട് നിര്‍മ്മാണ കമ്പനിക്കും ഖാദി ബോര്‍ഡ് നോട്ടീസ് അയച്ചു.
ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഖാദി ബോര്‍ഡ് നോട്ടീസയച്ചത്.തുടര്‍ന്ന് ശോഭന ജോര്‍ജ് ഇക്കാര്യം പൊതുവേദിയില്‍ പറയുകയും ചെയ്തു.മോഹന്‍ലാലിനെ പോലൊരു നടന് ഇത്തരം പരസ്യങ്ങളുടെ ഭാഗമാവുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്നാണ് അവര്‍ പറഞ്ഞത്.തുടര്‍ന്ന് കമ്പനി പരസ്യം പിന്‍വലിക്കുകയും ചെയ്തു.
എന്നാല്‍ തനിക്കും വസ്ത്രനിര്മ്മാണക്കമ്പനിക്കും നോട്ടീസ് ലഭിക്കുന്നതിനു മുന്‍പാണ് ശോഭന ഇക്കാര്യം പൊതുവേദിയില്‍ പറഞ്ഞതെന്നും ഇത് തനിക്ക് വ്യക്തിപരമായി അപമാനമാണെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.തന്നെ അനാവശ്യമായി കടന്നാക്രമിച്ച് പ്രശസ്തി നേടാനാണ് ശോഭനാജോര്‍ജ് ശ്രമിച്ചതെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.നവംബറിലാണ് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നതെങ്കിലും ഇപ്പോഴാണ് വിവരങ്ങള്‍ പുറത്താകുന്നത്.