കൊച്ചി:മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയത് പള്ളുരുത്തി സ്വദേശിയായ മുഹമ്മദ് ഷഹീം എന്ന് കുറ്റപത്രം.
സനീഷെന്നയാളും കുത്തിപ്പരിക്കേല്‍പ്പിച്ചു.കൊലയാളി സംഘത്തിലുണ്ടായിരുന്ന പതിനാറ് പേര്‍ക്കെതിരെയുള്ള ആദ്യ കുറ്റപത്രം നാളെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.അഭിമന്യുവിന്റെ കൊലപാതകം നടന്നിട്ട് എണ്‍പത്തഞ്ച് ദിവസമാവുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
മൂന്നാര്‍ വട്ടവട സ്വദേശിയായ അഭിമന്യു മഹാരാജാസ് കോളെജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു.കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യു സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.അഭിമന്യുവിന്റെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാത്രിയില്‍ നവാഗതരരെ വരവേല്‍ക്കാനുള്ള ചുവരെഴുത്ത് നടത്തുന്നതിനിടെയാണ് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.കുത്തേറ്റ അഭിമന്യൂ ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു.അഭിമന്യുവിന്റെ സുഹൃത്തിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ എസ്.ടി.സുരേഷ് കുമാര്‍,എസിപി കെ.ലാല്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്.