തിരുവനന്തപുരം:ഔപചാരിക ഉദ്ഘാടനം നടക്കാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ വന്നിറങ്ങിയതിനെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ.അമിത്ഷായ്ക്ക് അനുമതി നല്‍കിയതിലൂടെ കേന്ദ്ര വ്യോമയാന വകുപ്പ് നഗ്‌നമായ അധികാര ദുര്‍വ്വിനിയോഗവും ഫെഡറല്‍ മര്യാദകളുടെ ലംഘനവുമാണ് നടത്തിയിരിക്കുന്നതെന്നും വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
രാജ്യസഭാംഗം അമിത് ഷാ കണ്ണൂര്‍ വിമാനത്താവളം ‘ഉദ്ഘാടനം’ ചെയ്തുവെന്നത് ആശ്ചര്യകരമാണ്.ഔപചാരിക ഉദ്ഘാടനം നടക്കാത്ത ഒരു അന്തര്‍ദേശീയ വിമാനത്താവളത്തില്‍ കാര്യമായ ഭരണഘടനാ പദവികളൊന്നും വഹിക്കാത്ത ഒരു രാഷ്ട്രീയ നേതാവിന്റെ ചാര്‍ട്ടേഡ് വിമാനത്തിന് ഇറങ്ങാനുമതി നല്‍കിയ കേന്ദ്ര വ്യോമയാന വകുപ്പ് നഗ്‌നമായ അധികാര ദുര്‍വ്വിനിയോഗവും ഫെഡറല്‍ മര്യാദകളുടെ ലംഘനവുമാണ് നടത്തിയിരിക്കുന്നത്.കേരളത്തെത്തന്നെയാണ് ഇതിലൂടെ നരേന്ദ്ര മോഡി സര്‍ക്കാര്‍ അവഹേളിച്ചിരിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന് ഇതേക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നോ എന്നത് വ്യക്തമാക്കപ്പെടേണ്ടതുണ്ട്.
കണ്ണൂര്‍ ജില്ലക്കാരന്‍ കൂടിയായ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത് ഷായുടെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമാനത്താവള ദുരുപയോഗത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ തയ്യാറാവാത്തത് നിരാശാജനകമാണ്.വി ടി ബല്‍റാം എന്ന പ്രതിപക്ഷ എംഎല്‍എ ഒരിക്കല്‍ അഭിപ്രായം പറഞ്ഞ വിഷയത്തില്‍ വീണ്ടും വീണ്ടും അഭിപ്രായം പറയാത്തതെന്തേ എന്ന് ദിവസേന ചോദിച്ചു കൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരടക്കമുള്ള സിപിഎം ബുദ്ധിജീവികള്‍ സംസ്ഥാന ഭരണത്തലവന്റെ ഈ മൗനത്തേക്കുറിച്ച് ചോദ്യങ്ങളുന്നയിക്കുമെന്നും ‘കടക്ക് പുറത്ത്’ എന്നതല്ലാത്ത എന്തെങ്കിലും ഉത്തരം ലഭിക്കുകയാണെങ്കില്‍ അത് പൊതുജനസമക്ഷം അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.